തിരുവനന്തപുരം: 50 വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി. പി ലോക്‌നാഥ് ബെഹറ നിർദ്ദേശിച്ചു. കൊവിഡ് ബാധിച്ച് എസ്.ഐ മരിച്ച സാഹചര്യത്തിലാണിത്. യാതൊരു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇവരെ നിയോഗിക്കരുത്. മറ്റെന്തെങ്കിലും കാര്യമായ രോഗമുള്ളവരേയും ഫീൽഡിലിറക്കരുത്. പ്രായമായവരെ സ്റ്റേഷൻ, ഓഫീസ് ഡ്യൂട്ടികൾക്ക് നിയോഗിക്കണം.
പൊലീസുകാർ ഔദ്യോഗിക കാര്യങ്ങളിലും വ്യക്തി ജീവിതത്തിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. കുടുംബത്തിന്റെ കാര്യത്തിലും മുൻകരുതലുണ്ടാകണം. ഔദ്യോഗിക ആവശ്യങ്ങൾക്കും അടിയന്തര സാഹചര്യത്തിലുമല്ലാതെ പൊലീസുകാർ മറ്റിടങ്ങളിലുള്ള സന്ദർശനം ഒഴിവാക്കണം. രോഗബാധിതരാവുന്ന പൊലീസുകാർക്കു മികച്ച ചികിത്സ ഉറപ്പാക്കും. അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഓൺലൈൻ ക്ലാസുകളും വെബിനാറുകളും സംഘടിപ്പിക്കണം.