പേരൂർക്കട: ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ പോയതിനെത്തുടർന്ന് കാഞ്ഞിരംപാറയിലെ സ്വകാര്യാശുപത്രി അടച്ചു. പനിയെത്തുടർന്ന് ഇവിടെ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോവുകയായിരുന്നു.ആർ.സി.സിയിലാണ് രോഗി കൊവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയത്. അതിനു ശേഷം ഇയാൾ ഈ ആശുപത്രിയിൽ ചികിത്സയ്ക് എത്തിയിരുന്നു. പനിക്കുള്ള മരുന്നുമായി ഇയാൾ വീട്ടിലെത്തിയതിനുശേഷമാണ് സ്രവപരിശോധനാ ഫലം ലഭിച്ചതും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തത്. രോഗിയുമായി ഡോക്ടർക്കും മറ്റു ജീവനക്കാർക്കും സമ്പർക്കമുണ്ടായതോടെ ഇവർ നിരീക്ഷണത്തിൽ പോയി. അണുനശീകരണം നടത്തിയതിനു ശേഷം ആശുപത്രി തുറന്നേക്കും.