കോവളം: വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുടങ്ങിയ ക്രൂചെയ്ഞ്ചിംഗ് പുനഃസ്ഥാപിച്ചപ്പോൾ ഇന്നലെ എത്തിയത് സൂപ്പർ ടാങ്കർ വിഭാഗത്തിലുള്ള 2 കപ്പലുകൾ. തുറമുഖ വകുപ്പിന് ടഗ് ഇല്ലാത്തതും എമിഗ്രേഷൻ വിഭാഗത്തിന്റെ കടുംപിടിത്തങ്ങളും ക്രൂ ചെയ്ഞ്ചിംഗിന് വെല്ലുവിളിയാകുന്നതിനിടയിലാണ് ഇവ എത്തിയത്. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ധനവുമായി അന്താരാഷ്ട്ര കപ്പൽചാൽ വഴി പാകിസ്ഥാൻ, സൗദിയിലെ ജുബൈ എന്നിവിടങ്ങളിലേക്ക് പോകുന്ന എസ്.ടി.ഐ ലോറെൻ, ജെ.യു.ബി സഫയർ എന്നീ രണ്ട് കപ്പലുകളാണ് ജീവനക്കാരെ കരയിലിറക്കുന്നതിനും കയറ്റുന്നതിനുമായി ഇവിടെയെത്തിയത്. ഷിപ്പിംഗ് ഏജൻസികൾ നീണ്ടകരയിൽ നിന്ന് വാടകയ്ക്കെടുത്ത മത്സ്യബന്ധന ബോട്ടുകളിലാണ് ജീവനക്കാരെ കപ്പലിൽ നിന്ന് തീരത്തും തിരിച്ചും എത്തിച്ചത്. തുറമുഖവകുപ്പ്, കസ്റ്റംസ്, ഇമിഗ്രേഷൻ, കോസ്റ്റൽ പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രൂചെയ്ഞ്ചിംഗ് നടന്നത്. രാവിലെയെത്തിയ കപ്പലുകൾ 11.30 ഓടെ വിഴിഞ്ഞം തീരം വിട്ടു. അതേസമയം മലേഷ്യയിലേക്ക് പോകേണ്ട നേവ് ഫോട്ടോൺ എന്ന കപ്പൽ ടഗ് ലഭ്യമല്ലാത്തതിനാൽ ക്രൂ ചേഞ്ചിംഗ് ഉപേക്ഷിച്ചതായി മടങ്ങി. പുറംകടലിൽ നങ്കൂരമിടാനോ നടപടിക്രമങ്ങൾ പൂർത്തിയാക്കാനോ കഴിയില്ലെന്നുറപ്പായതോടെയാണ് നേവ് ഫോട്ടോൺ ക്രൂചെയ്ഞ്ചിംഗ് ഉപേക്ഷിച്ചതായി പോർട്ട് അധികൃതരെ അറിയിച്ചത്. ജീവനക്കാരുടെ സുരക്ഷ പ്രധാനമായതിനാൽ ടഗ് തന്നെ വേണമെന്ന നിലപാടിലാണ് പല കപ്പലധികൃതരും. ഇനി നാലിനും ഏഴിനും കപ്പലുകളെത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
വരാൻ റെഡിയായി കൂറ്റൻ കപ്പലുകൾ,
മുഖംതിരിച്ച് അധികൃതർ
അന്താരാഷ്ട്ര തുറമുഖം പൂർണമാകുന്നതിന് മുൻപ് തന്നെ എല്ലാ ക്രൂചെയ്ഞ്ചിംഗും വിജയകരമായി നടന്നതിനാൽ അന്താരാഷ്ട്ര ഷിപ്പിംഗ് ഇൻഡസ്ട്രിയിൽ വിഴിഞ്ഞം ചർച്ചയായിരിക്കുകയാണ്. വരും മാസങ്ങളിലും വിഴിഞ്ഞം തിരഞ്ഞെടുക്കാൻ കൂറ്റൻ കണ്ടെയ്നർ വെസലുകൾ കാത്തിരിക്കുകയാണെന്നറിയുന്നു. പക്ഷേ ഇവിടത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. തുറമുഖ - ഫിഷറീസ് വകുപ്പുകൾ ഏകോപിപ്പിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഫിഷറീസ് വകുപ്പിന്റെ ടഗുകൾ കേടുപാടുകൾ പരിഹരിച്ച് ഉടൻ വിഴിഞ്ഞത്തെത്തിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്.