തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ആർ.എസ്.എസ് സർസംഘചാലക് എന്നും ആർ.എസ്.എസ് അനുഭാവിയുടെ മകനെന്നും വിശേഷിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തെ സർക്കാരിനെതിരായ ആക്രമണത്തിന് ആയുധമാക്കി തിരിച്ചടിക്കാൻ കോൺഗ്രസും യു.ഡി.എഫും ശ്രമം തുടങ്ങി.
അഴിമതിയാരോപണങ്ങൾ പുറത്തെത്തിച്ച പ്രതിപക്ഷനേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം തന്ത്രമാണെന്ന് വിലയിരുത്തുന്ന കോൺഗ്രസ്, ഇതിലൂടെ കിട്ടുന്ന 'രക്തസാക്ഷി പരിവേഷം' പരമാവധി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ കൗമാരകാലത്തെ ആർ.എസ്.എസ് ബന്ധം ചില കേന്ദ്രങ്ങൾ പുറത്തുവിട്ടതും സി.പി.എമ്മിന് ബൂമറാകുമെന്നവർ പ്രതീക്ഷിക്കുന്നു. ചെന്നിത്തലയ്ക്കായി പാർട്ടിയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രംഗത്തിറങ്ങാനാണ് തീരുമാനം.സ്വർണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം ആസൂത്രണം ചെയ്തതാണ് ചെന്നിത്തലയ്ക്കെതിരായ ആക്ഷേപമെന്നാണ് യു.ഡി.എഫിനകത്തെ പൊതുവികാരം. യു.ഡി.എഫ് ഘടകകക്ഷിനേതാക്കളും വരും ദിവസങ്ങളിൽ രംഗത്തെത്തും.
യു.ഡി.എഫിനകത്ത് പാളയത്തിൽ പടയുണ്ടാക്കാനാണ് ആർ.എസ്.എസ് ബാന്ധവ ആരോപണം സി.പി.എം ഉയർത്തിയതെന്നാണ് കോൺഗ്രസ് കരുതുന്നത്. മതന്യൂനപക്ഷ വോട്ടു ബാങ്കുകളിലടക്കം ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമായാണ് കാണുന്നത്.വാർത്താസമ്മേളനത്തിൽ കോടിയേരി ആദ്യം ആരോപണമുന്നയിച്ചതിന് ശേഷം ചേർന്ന കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ ഈ വിഷയം ചർച്ചയായി. പ്രതിപക്ഷനേതാവിനെ ഒറ്റ തിരിഞ്ഞാക്രമിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന വികാരമാണ് യോഗത്തിലുയർന്നത്. പിന്നാലെയാണ് കൂടുതൽ രൂക്ഷമായ ആക്രമണവുമായി കോടിയേരിയുടെ ലേഖനം.