തിരുവനന്തപുരം: വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിൽ നിന്നായി 700 വിമാനങ്ങളിൽ 1.2 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്നലെ ആരംഭിച്ച അഞ്ചാംഘട്ടം ആഗസ്ത് 31 വരെ നീളും. ജൂലായ് 30വരെയുള്ള നാലാംഘട്ടത്തിൽ 617 വിമാനങ്ങളിലായി 1,10,383 പേരെയാണ് നാട്ടിലേക്കെത്തിച്ചത്. വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 8.55 ലക്ഷം ഇന്ത്യക്കാരെ കേന്ദ്രം ഇതുവരെ നാട്ടിലെത്തിച്ചു. ഇതോടൊപ്പം വിദേശ ഇന്ത്യക്കാർ ചാർട്ടേഡ് ഫ്ലൈറ്രുകളിൽ വരുന്നതും സർക്കാർ പ്രോത്സാഹിപ്പിച്ചു.
ആകെ 1530 ഫ്ലൈറ്രുകൾ
വന്ദേഭാരത് മിഷനിൽ മാത്രം ഇതുവരെ 1530 ഫ്ലൈറ്രുകളാണ് സർവീസ് നടത്തിയത്. ഇന്ത്യൻ നേവിയുടെ എട്ട് കപ്പലുകളും ഇന്ത്യക്കാരെ കൊണ്ടുവന്നു. വന്ദേഭാരത് മിഷൻവഴി മാത്രം 2,78,539 പേരെയാണ് നാട്ടിലെത്തിച്ചത്. ചാർട്ടേഡ് ഫ്ലൈറ്രുകൾ കൂടിയായാൽ ഇത് 8,55,000 ആകും.വന്ദേഭാരത് മിഷൻ വഴി തിരിച്ചുപോയത് 1,14,816 പേരാണ്.
യാത്രാ വിലക്ക് നീങ്ങുന്നതുവരെ തുടരും: വി.മുരളീധരൻ
അന്താരാഷ്ട്ര വിമാനയാത്രകളിലുള്ള വിലക്ക് നീങ്ങുന്നതുവരെ വന്ദേ ഭാരത് മിഷൻ തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇപ്പോൾ ആഗസ്ത് 31 വരെയാണ് വിമാനങ്ങൾ ചാർട്ട് ചെയ്തിരിക്കുന്നത്.