corona

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ഇന്നലെ 259 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ 241 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ജില്ലയിൽ 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 168 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് തുമ്പയിലാണ് (13). അഞ്ചുതെങ്ങ് - 12, നെയ്യാർഡാം - 10, പട്ടം, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ 9 എന്നിങ്ങനെ തീരദേശ, മലയോര മേഖലയിലാകെ രോഗം പടരുകയാണ്. പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. അണുനശീകരണം നടത്തിയ ശേഷമായിരിക്കും തുറക്കുക. തിരുവനന്തപുരം നഗരസഭയുടെ ജഗതി എച്ച്.ഐ ഓഫീസിലെ ജെ.എച്ച്.ഐയും ജീവനക്കാരും ഉൾപ്പെടെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുട്ടത്തറയിലെ ജ്യൂസ് നിർമ്മാണക്കമ്പനിയിലെ ജീവനക്കാരനും രാജാജി നഗർ സ്വദേശിയായ നഗരസഭയിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്ചയാണ് ഗൺമാന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി സ്രവസാമ്പിളുകൾ ശേഖരിച്ചു. സെക്രട്ടേറിയറ്റിനകത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലെ ടെക്‌നീഷ്യയായ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ഇന്നലെയും ജോലിക്ക് എത്തിയിരുന്നു. ഇതോടെ മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ കെട്ടിടം പണികൾക്കായി ബീഹാറിൽ നിന്ന് പ്രത്യേക ബസ് മാർഗം എത്തിയ 36 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. കഴിഞ്ഞ മാസം 28ന് നഗരത്തിലെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും 35 ക്ഷേത്ര ജീവനക്കാർക്കും ആന്റിജൻ പരിശോധന നടത്തി. ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വർക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിയന്ത്രിത മേഖലയിലടക്കം ജോലി ചെയ്‌തിരുന്നു.



1.ആകെ നിരീക്ഷണത്തിലുള്ളവർ -17,579
2.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -13,964
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,685
4. കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -930
5. ഇന്നലെ നിരീക്ഷണത്തിലായവർ -1,172