പയ്യന്നൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാനായിയിൽ അയ്യപ്പക്ഷേത്രത്തിലും പെട്രോൾ പമ്പിലും കവർച്ച. വെള്ളിയാഴ്ച രാത്രിയിലാണ് കാനായിയിലെ ധർമ്മശാസ്താ ക്ഷേത്രത്തിലും കഴിഞ്ഞ മാസം പ്രവർത്തനം തുടങ്ങിയ കൃഷ്ണാ ഫ്യൂവൽസിലും കവർച്ച നടന്നത്.
ക്ഷേത്രത്തിൽ കയറിയ മോഷ്ടാക്കൾ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ശ്രീകോവിലിന്റെ വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആറുമാസമായി തുറക്കാത്തതിനാൽ ഭണ്ഡാരങ്ങളിൽ പണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
പെട്രോൾ പമ്പ് ഓഫിസ് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ച 2500 രൂപ കവർന്നു. ലാപ്ടോപ് എടുത്തു കൊണ്ടുപോയെങ്കിലും ഇത് ബാത്ത് റൂം പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മേശയുടെ താക്കോലും കാണാതായി.
രാവിലെ പമ്പ് തുറക്കാനെത്തിയ ജീവനക്കാരനാണ് ഓഫിസ് വാതിൽ തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാസം 9നാണ് പമ്പ് പ്രവർത്തനം തുടങ്ങിയത്.
വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ.പി. ബാബുമോന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം തുടങ്ങി. പമ്പിലെ നിരീക്ഷണ കാമറ പൊലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവെടുത്തു.വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴക്കിടയിലാണ് കവർച്ച നടന്നതെന്ന് കരുതുന്നു.
ഒരു മാസം മുമ്പ് കരിവെള്ളൂർ ദേശീയ പാതയോരത്തെ പെട്രോൾ പമ്പിലും വൻ കവർച്ച നടന്നിരുന്നു.