ആറ്റിങ്ങൽ: മദ്യലഹരിയിൽ സ്വന്തം വീടിനു തീയിട്ട കേസിൽ ഇളമ്പ പാറയടി ഊളൻകുന്ന് കോളനി അജിഭവനിൽ അശോകനെ (49) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 8 ഒാടെ മദ്യപിച്ചെത്തിയ ഇയാൾ വീടിനുസമീപത്തെ വിറകുപുരയ്ക്ക് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിടെനിന്ന് വീട്ടിലേക്ക് തീ പടരുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വൈദ്യുതോപകരണങ്ങളും കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും നല്കിയ പഠനമുറിയിലെ ഉപകരണങ്ങളും കത്തിനശിച്ചു. സംഭവസമയത്ത് ഇയാളുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു.