പൂവാർ: കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പൂവാർ പൊഴിക്കരയിലെ ബോട്ട് സർവീസുകൾ പൂർണമായും നിലച്ചു. പൂവാറിലെത്തുന്നു ടൂറിസ്റ്റുകളുടെ പ്രധാന വിനോദം ബോട്ട് സവാരിയാണ്. നഗരത്തിന്റെ തിരക്കിൽ നിന്നും എത്തുന്ന സഞ്ചാരികൾക്ക് ശാന്തമായ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുന്നതിനും കണ്ടൽക്കാടുകൾ നിറഞ്ഞ ദ്വീപുകളും ചോലമരങ്ങളും നിറഞ്ഞ പുഴയോരങ്ങളിലൂടെ സവാരി നടത്താനുമാണ് ബോട്ട് സർവീസുകൾ ഉപയോഗിച്ചിരുന്നത്. ഈ ടൂറിസ്റ്റുകളെ ആശയിച്ച് ഉപജീവനം കഴിക്കുന്നവർ ഏകദേശം 1000 ത്തോളം പേർ വരുമെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റെവിടത്തെക്കാളും കുറഞ്ഞ റേറ്റിൽ കൂടുതൽ സമയം ബോട്ട് സവാരിയും സ്വാദിഷ്ടമായ മത്സ്യ വിഭവങ്ങളും താമസ സൗകര്യവും ഇവിടെ കിട്ടും. സവാരിക്കിടയിൽ ബീച്ചും മത്സ്യ ബന്ധനവും കാണാനാകും. നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ അപൂർവ കാഴ്ചയും ആസ്വദിക്കാം. ഇവിടെ എത്തുന്നവർക്കായി റിസോർട്ടുകൾ, ബോട്ട് ക്ലബ്ബുകൾ, ഹോട്ടലുകൾ കൂടാതെ സ്വകാര്യ വ്യക്തികൾ തുടങ്ങിയവർ സർവീസ് നടത്തിയിരുന്ന നൂറു കണക്കിന് ബോട്ടുകളാണ് ഇന്ന് കായലോരങ്ങളിൽ നിർത്തിയിട്ടിരിക്കുന്നത്. ഇവിടെ 22 ബോട്ട് ക്ലബ്ബുകളിലായി ഇരുന്നൂറോളം ബോട്ടുകളും 12 റിസോർട്ടുകളിലായി 125ഓളം ബോട്ടുകളുമുണ്ട്. കൂടാതെ സ്വകാര്യ വ്യക്തികളുടെ 80 ഓളം ബോട്ടുകളുമുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മേഖലയിലെ ഡ്രൈവർ, ഹെൽപ്പർ, മാർക്കറ്റിംഗ് സ്റ്റാഫുകൾ, വർക്ക്‌ഷോപ്പ് ജീവനക്കാർ തുടങ്ങിയവർ തൊഴിൽ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. മറ്റൊരു തൊഴിൽ തേടി പോകനോ കണ്ടെത്തനോ ആർക്കും കഴിയാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. സാധാരണ റേഷൻ കാർഡ് ഉടമകൾക്ക് കിട്ടുന്ന ആളോഹരി റേഷൻ അല്ലാതെ സർക്കാരിന്റെയോ മറ്റ് ഇതര ഏജൻസികളുടെയോ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ നഷ്ടപ്പെട്ട ബോട്ട് തൊഴിലാളികൾക്ക് അടിയന്തിര സഹായം ഉറപ്പുവരുത്തണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. മാസങ്ങളായി പ്രവർത്തിപ്പിക്കാത്തതിനാൽ പല ബോട്ടുകളും തകരാറിലായിട്ടുണ്ട്. സർവീസ് പുനഃരാരംഭിക്കാനുള്ള സാഹചര്യമുണ്ടായാൽ പോലും ഇതിൽ പകുതി ബോട്ടുകളെ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളു. ബഹുഭൂരിപക്ഷം ബോട്ടുകളും കിടപ്പാടം പണയപ്പെടുത്തിയും, മറ്റ് ജാമ്യങ്ങൾ നൽകിയും ബാങ്ക് ലോൺ മുഖേന വാങ്ങിയിട്ടുള്ളവയാണ്. അതിന്റെ അടവും മുടങ്ങിയ അവസ്ഥയിലാണ്. കൊവിഡ്കാലം കഴിയുന്നതോടെ ബാങ്കുകാർ ജപ്തി നടപടികളും തുടങ്ങും.അതോടെ ഇന്നുള്ള കിടപ്പാടം നഷ്ടപ്പെട്ട് തങ്ങളുടെ കുടുംബം തെരുവിലിറങ്ങേണ്ടി വരുമെന്നും അവർ ഭയപ്പെടുന്നു.
പല ബോട്ടുടമകളും പ്രൈവറ്റ് ഫിനാൻസിനെ ആശ്രയിച്ച് മെയിന്റനൻസ് നടത്തിയിരുന്നവരാണ്. ഈ ഭുരിത നാളുകളിലും പ്രതിദിന അടവിനായി ഏജന്റുമാർ വീടുകൾ കയറി ഇറങ്ങുകയാണെന്നും ഉടമകൾ പറഞ്ഞു. ഇതിനെല്ലാം പുറമെ പല സ്ഥലങ്ങളിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ ബോട്ടുകളെ ദുരുപയോഗം ചെയ്യുകയാണ്. പല ബോട്ടുകളിലും സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നഷ്ടപ്പെടുകയുമാണ്. ഈ ദുരിതങ്ങളിൽ നിന്നും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് പൊഴിക്കരയിലെ ബോട്ട് ജീവനക്കാർ.