dddd

നെയ്യാറ്റിൻകര: കൊവിഡ് രോഗവ്യാപനം അത്യധികം വർദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് വികേന്ദ്രീകൃത ആരോഗ്യ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ 3 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നു. പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനം ഇന്ന് രാവിലെ 10.30 ന് വീഡിയോ കോൺഫെറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററും ആരംഭിച്ചതിന് പുറമെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും സമർപ്പണം നടക്കുന്നതെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു. ഓരോ ആശുപത്രിയിലും ഇപ്പോൾ ഉള്ളതിന് പുറമെ 2 ഡോക്ടർമാർ, 2 നഴ്‌സുമാർ, 1 ലാബ് ടെക്‌നിഷ്യൻ എന്നിങ്ങനെ സ്റ്റാഫുകളുടെ എണ്ണവും ഇതോടൊപ്പം വർദ്ധിപ്പിച്ചു. ഉച്ച വരെ ഉണ്ടായിരുന്ന ഒ.പി സമയം വൈകുന്നേരം 6 മണി വരെയാക്കി. ലാബ് ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കി. പതിനഞ്ചര ലക്ഷത്തോളം രൂപയാണ് ഓരോ കേന്ദ്രത്തിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. പുറമെ ആർദ്രം മിഷൻ്റെ ഭാഗമായി പൊഴിയൂർ, കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച 110 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 4 എണ്ണം നെയ്യാറ്റിൻകരയിലാണ്.