aaaa

നെയ്യാറ്റിൻകര: കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ബസുകളിലും മെഡിക്കൽ കോളേജിലേക്ക് ആരോഗ്യ പ്രവർത്തകരെ കൊണ്ടു പോകുന്ന ബസുകളിലും ഡ്രൈവർ ക്യാബിൻ വേർതിരിച്ച് സുരക്ഷിതമാക്കിത്തുടങ്ങി. നെയ്യാറ്റിൻകര ഡിപ്പോയിലെ ആറ് ബസുകളിൽ ഡ്രൈവർ ക്യബിനിന്റെ പണിപൂർത്തിയായിട്ടുണ്ട്. പണി പൂർത്തിയാക്കിയ അഞ്ച് ബസുകൾ ഇന്ന് ഓടിത്തുടങ്ങും. മെക്കാനിക്കൽ ജീവനക്കാരായ ജെ. മധുസൂദനൻ, ബി. എസ്. മണികണ്ഠൻ, വി.റ്റി. റജി, കെ. സനൽ, പി. സുദർശനകുമാർ, എ. ഷാജി, ജി. അനിൽകുമാർ, അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. നേരത്തേ ഡിപ്പോയിൽ യാത്രക്കാർക്കും ജീവനക്കാർക്കുമായി ആയിരത്തിൽപ്പരം മാസ്കുകളും ഫെയിസ് ഷീൽഡുകളും മെക്കാനിക്കൽ ജീവനക്കാരുടെ സഹകരണത്തിൽ നിർമ്മിച്ചിരുന്നു. ലൈനിൽ ഓടാത്ത നൂറോളം ബസുകൾ കേടാവാതിരിക്കാനായി പ്രതിദിന അറ്റകുറ്റപ്പണികൾ ജീവനക്കാർ കൃത്യമായി ചെയ്യുന്നുണ്ടെന്ന് എ.ടി.ഓ. മുഹമ്മദ് ബഷീർ പറഞ്ഞു.