കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ട്കടവ് ഉൾപ്പെടുന്ന നാവായിക്കുളം വലിയകുളം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശങ്കരനാരായണ ക്ഷേത്രക്കുളം എന്നറിയപ്പെടുന്ന ഈ കുളത്തിലെ വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കക്കൂസ് മാലിന്യം കലർന്നിട്ടുണ്ടോ എന്നറിയാൻ ജലം പരിശോധിച്ചിരുന്നു. പരിശോധനയിൽ കക്കൂസ് മാലിന്യമല്ല കുളത്തിലെ പായലും ചെളിയുമാണ് ദുർഗന്ധത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ കിഴക്കേനട യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുളത്തിലെ പായലും ചെളിയും നീക്കം ചെയ്ത് കുളം ശുചീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തംഗം ബി.കെ. പ്രസാദ് അദ്ധ്യക്ഷനായി. രാഗേഷ് സ്വാഗതം പറഞ്ഞു. ജി. വിജയകുമാർ, എസ്. ഹരിഹരൻ പിള്ള, മനു, നിതിൻ, ഹജീർ, രാധാകൃഷ്ണൻ നായർ, സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.