തിരുവനന്തപുരം: കൊവിഡ് കാലത്ത് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്ന് നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ എറണാകുളത്ത് മരിച്ചതിന് സമാന സാഹചര്യം തലസ്ഥാനത്തും നിലനിൽക്കുന്നു. ജനറൽ ആശുപത്രിയിലുൾപ്പെടെ കൊവിഡിതര രോഗികളും അടിയന്തര ചികിത്സ വേണ്ടവരും ബുദ്ധിമുട്ടുകയാണ്. കണ്ടെയ്ൻമെന്റ് സോണായ പൂന്തുറയിൽ നിന്നുള്ള 34 കാരനായ രോഗി സ്വകാര്യആശുപത്രിയിലും സർക്കാർ ആശുപത്രിയിലും അടിയന്തര ചികിത്സ കിട്ടാതെ മരിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. പേട്ട പാൽകുളങ്ങര സ്വദേശിയായ വൃദ്ധ മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെ പനി മൂലം മരിച്ചു. നഗരത്തിലെ പ്രധാന ആശുപത്രികളെല്ലാം കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകിയതോടെ ഇതര ചികിത്സ പരിമിതമായി. നിശ്ചിത സമയങ്ങളിൽ നിയന്ത്രണങ്ങളോടെയുള്ള ഒ.പി പ്രവർത്തനവും ടെലി മെഡിസിൻ സംവിധാനത്തിന്റെ സഹായത്തോടെ തുടർ ചികിത്സകളുമാക്കിയതോടെ സാധാരണ നിലയിലുള്ള ഒ.പിയും മുൻ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളം തെറ്റി. അതേസമയം ചില സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നുവെന്ന് പരാതികളുണ്ട്. കണ്ടെയ്മെന്റ് സോണിൽനിന്നുള്ള രോഗികൾക്ക് ചികിത്സ നൽകാതെ പറഞ്ഞുവിടുന്നതായും ആക്ഷേപമുയർന്നു.
ജനറൽ ആശുപത്രി
പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം മാത്രമാണിപ്പോഴുള്ളത്. കൊവിഡ് നെഗറ്റീവാണോ എന്ന് ഉറപ്പാക്കിയിട്ടാണ് ചികിത്സ കിട്ടുക. കൊവിഡ് പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഒ.പി ഇല്ല.
മെഡിക്കൽ കോളേജ് ആശുപത്രി
ദിവസവും ഒ.പിയിലെ ഓരോ വിഭാഗത്തിലും രാവിലെ ഒമ്പതു മുതൽ 12 വരെ 50 കൊവിഡ് ഇതരരോഗികൾക്ക് മാത്രമാക്കി ചുരുക്കി. നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികൾക്കു മാത്രമാണ് ഈ സൗകര്യം. മറ്റുള്ളവർക്ക് ഇതേ സമയം അതത് വിഭാഗങ്ങളിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ച് ചികിത്സ തേടാം. അടിയന്തര സാഹചര്യങ്ങൾക്കായി അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അത്യാവശ്യം വേണ്ട ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.
ഫോർട്ട് ഗവ.ആശുപത്രി
നാല് സ്പെഷ്യൽ ഒ.പികൾ പൂർണമായി നിറുത്തി. അടിയന്തര സാഹചര്യം നേരിടാൻ ഫീവർ ഒ.പിയും അത്യാഹിത വിഭാഗവും ഉണ്ടെങ്കിലും ചികിത്സ കിട്ടാൻ പ്രയാസമാണ്. കൊവിഡ് പോസിറ്റീവായ ഗർഭിണികളുടെ ചികിത്സകൾക്ക് മുടക്കമില്ല. ഡയാലിസിസും നടക്കുന്നു.
പേരൂർക്കട ജില്ലാ ആശുപത്രി
കൊവിഡ് ഇതര ചികിത്സകൾക്ക് മാത്രം. പഴയ രീതിയിൽ ചികിത്സാസംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം സ്രവ ശേഖരണം നടത്തുന്നു.
പേരൂർക്കട ഇ.എസ്.ഐ ആശുപത്രി
പൂർണമായും കൊവിഡ് ആശുപത്രി. ഒ.പി കരമന, ചാക്ക ആശുപത്രികളിലേക്ക് മാറ്റി.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ അഡ്മിഷൻ നൽകിയ ശേഷം ഐസൊലേഷൻ യൂണിറ്റിൽ അഡ്മിറ്റ് ചെയ്ത് കൊവിഡ് പരിശോധന നടത്തി തുടർചികിത്സ നിശ്ചയിക്കും. അടിയന്തര സാഹചര്യങ്ങളിൽ കൊവിഡ് ഫലം നോക്കാതെയും ചികിത്സിക്കുമെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിലെ സർക്കാർ ആശുപത്രികളെല്ലാം എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടാൻ സജ്ജമാണ്. എല്ലാവർക്കും ചികിത്സ ലഭ്യമാക്കും. വീഴ്ചകൾ ഉണ്ടായാൽ നടപടി സ്വീകരിക്കും.
-ഡോ. കെ. ഷിനു, ജില്ലാ മെഡിക്കൽ ഓഫീസർ