പൂവാർ: സുനാമി, ഒാഖി, കടൽക്ഷോഭം, വീടുകളുടെ തകർച്ച, ഏറ്റവും ഒടുവിൽ കൊവിഡ് സമൂഹവ്യാപനം.... ഒാരോ വർഷം കഴിയുന്തോറും തീരദേശ മേഖലയിലെ ദുരിതങ്ങളുടെ വ്യാപ്തി വർദ്ധിച്ചുവരികയാണ്. ഇങ്ങനെയുള്ള ഒാരോ പ്രശ്നങ്ങളിൽ നിന്നും മോചനം തേടി ജീവിതം തീരത്തടുപ്പിക്കാൻ ശ്രമം തുടരുന്നതിനിടയിലാണ് കൊവിഡിന്റെ പിടിയിൽ തീരം ഞെരിഞ്ഞമർന്നത്. ഇക്കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും തീരദേശത്ത് മടങ്ങിയെത്തിയവർ നിരവധിയാണ്.
വിദേശത്ത് നല്ല ശമ്പളം ലഭിച്ചിരുന്നവർ നാട്ടിൽ ഒരുപാട് സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. എന്നാൽ ഇവരുടെ വരുമാനം നിലച്ചതോടെ തീരത്തെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. തീരദേശത്ത് നടപ്പാക്കിയ ലോക്ക് ഡൗണും, മത്സ്യ ബന്ധന - വിപണന നിരോധനവും മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലിലേർപ്പെട്ടിരുന്നവരുടെയും ജീവിതം താറുമാറാക്കി. ഇപ്പോൾ മേഖല കേന്ദ്രീകരിച്ച് മത്സ്യബന്ധനമാകാം എന്ന സർക്കാർ തീരുമാനം അല്പം ആശ്വാസം പകരുന്നതാണെന്ന് തൊഴിലാളികൾ പറഞ്ഞു.
സോൺ 3 യിൽ ഉൾപ്പെടുന്ന കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ ആവശ്യങ്ങൾക്കു പോലും പുറത്തിറങ്ങാൻ കഴിയാതെയായത് ജനങ്ങളെ വീർപ്പുമുട്ടിച്ചിരിക്കുകയാണ്.