paddy-field-

ചിറയിൻകീഴ്: കൊവിഡ് കാലം ഏറെ ദുരിതമാണ് സമ്മാനിക്കുന്നതെങ്കിലും ഗ്രാമീണ മേഖലകളിൽ കൃഷി ഭവനും പഞ്ചായത്തിനും പുറമെ പല വ്യക്തികളും കാർഷിക സമൃദ്ധിയിലേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നത് ശുഭ വാർത്തയാണ്. കൊവിഡുമായി ബന്ധപ്പെട്ടുള്ള സമ്പൂർണ ലോക്ക് ഡൗൺ കാലവും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും, പച്ചക്കറി അടക്കമുള്ളവയുടെ വില വർദ്ധനവുമെല്ലാം ഗ്രാമീണ മേഖലയിലുള്ളവരെ ഇരുത്തി ചിന്തിച്ചുവെന്ന് വേണം കരുതാൻ.

കൈയിൽ കിട്ടുന്ന പച്ചക്കറി വിത്തുകൾ തോന്നിയപോലെ നട്ട് മുളച്ച് കായ്ക്കാറാകുമ്പോൾ കീടങ്ങൾ വെട്ടി നശിപ്പിക്കുന്നതിനാൽ ഇതൊന്നും തന്നെക്കൊണ്ട് പറ്റുന്ന പണിയല്ല എന്ന മനോഭാവം മാറി പലരും ശാസ്ത്രീയമായ രീതിയിലാണ് ഇപ്പോൾ കൃഷിയെ സമീപിക്കുന്നത്. ലോക്ക് ഡൗൺ സമ്മാനിച്ച പാഠം ഉൾക്കൊണ്ട് സ്വന്തം പുരയിടത്തിൽ ഇറങ്ങാൻ സമയമില്ലാതിരുന്നവർ പോലും മൺവെട്ടിയും തൂമ്പയുമെടുത്ത് ഇറങ്ങിയിരിക്കുകയാണ്. മാത്രവുമല്ല ശാസ്ത്രീയമായി കൃഷി ചെയ്ത് വിജയിച്ചവരുടെ അടുക്കൽ നിന്നും കൃഷി രീതികളെക്കുറിച്ച് മനസിലാക്കാനും കൃഷി ഭവനിലടക്കം വിവിധയിനം പച്ചക്കറി തൈകൾക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായി ഈ മേഖലയിലുളളവർ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ വീടുകളിൽ മാത്രമല്ല തരിശായിക്കിടന്നിരുന്ന കൃഷിയിടങ്ങളിൽ വരെ പുതുനാമ്പ് കിളിർത്തുതുടങ്ങി. പഞ്ചായത്തുകളുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ തരിശായിക്കിടന്നിരുന്ന ഹെക്ടർ കണക്കിന് ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. അഴൂർ ഗ്രാമപഞ്ചായത്തിൽ ഇതിനകം തന്നെ എഴുപത് ഏക്കറോളം സ്ഥലത്ത് നെല്ല്, പച്ചക്കറി, മരിച്ചിനി എന്നിവയുടെ കൃഷി ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ ഏക്കറോളം സ്ഥലത്തുകൂടി ഇവിടെ കൃഷി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത് പറഞ്ഞു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി എൺപത് ഏക്കറിലധികം സ്ഥലത്ത് ഇപ്പോൾ കൃഷിയുണ്ട്. നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്നും അപ്രത്യക്ഷമായ കാർഷിക സമൃദ്ധി വീണ്ടും സജീവമാകുന്നത് കാർഷിക മേഖലയിലെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിക്കുന്നത്.