നെടുമങ്ങാട്: മണിക്കൂറിൽ 7, 200 ലിറ്റർ വെള്ളം ബോട്ടിലിംഗ് നടത്താവുന്ന ജല അതോറിട്ടിയുടെ പ്രഥമ കുപ്പിവെള്ള സംരംഭമായ 'തെളിനീര്" ഇനിയും പ്രവർത്തനമാരംഭിക്കാനാകാതെ അധികൃതർ. ട്രയൽ റണ്ണിനു ശേഷം രണ്ടര വർഷമായി അടച്ചിട്ടിരിക്കുന്ന അരുവിക്കരയിലെ കുപ്പിവെള്ള പ്ളാന്റാണ് ശാപമോക്ഷം കാത്തിരിക്കുന്നത്. പ്ലാന്റ് പ്രവർത്തന സജ്ജമാക്കി ഗുണമേന്മയുള്ള കുപ്പിവെള്ളം മിതമായ നിരക്കിൽ വിപണിയിലെത്തിക്കാനുള്ള ചുമതല വാട്ടർ അതോറിട്ടിയിൽ നിന്ന് നീക്കി, കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനു (കിഡ്‍ക്) കൈമാറി രണ്ടു മാസം കഴിഞ്ഞിട്ടും സ്ഥിതി തഥൈവ !. ഫാക്ടറി സന്ദർശിച്ച് ഗുണമേന്മ പരിശോധിച്ച കൊച്ചിയിലെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) വിദഗ്ദ്ധ സംഘത്തിന്റെയും ഭക്ഷ്യസുരക്ഷാ അധികൃതരുടെയും മോഡിഫിക്കേഷൻ നിർദ്ദേശങ്ങളുടെ നിർവഹണവും വിപണന സംവിധാനത്തിലെ അവ്യക്തത നീക്കലുമാണ് ശേഷിക്കുന്നത്. 'തെളിനീര്" എന്നു പേരിട്ട കുപ്പിവെള്ളം കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലെത്തിക്കുമെന്നായിരുന്നു നിയമസഭയിൽ ജലവിഭവ മന്ത്രി നല്കിയ ഉറപ്പ്. മോഡിഫിക്കേഷൻ പ്രവർത്തനങ്ങൾ നീണ്ടു പോയതാണ് പ്ലാന്റിന്റെ നടത്തിപ്പ് ചുമതല 'കിഡ്‍കി"നു കൈമാറാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തലസ്ഥാന നഗരിയിൽ പൈപ്പ് മാർഗം വിതരണം ചെയ്യുന്ന ശുദ്ധജലം ഒരുതവണ കൂടി ഫിൽറ്റർ ചെയ്താണ് ബോട്ടിലിംഗ് നടത്തുക. പ്രദേശവാസികൾക്ക് തൊഴിൽ ഉറപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പരിഹാരം കാണാനായിട്ടില്ല.
തടയിടാൻ കുടിവെള്ള മാഫിയ
കുപ്പിവെള്ളത്തിന് ''തെളിനീര് '' എന്ന പേരും വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കും നിശ്ചയിച്ച് ജല അതോറിട്ടി സർക്കാരിനു പ്രൊപ്പോസൽ നൽകിയിരുന്നു. 18 രൂപയാണ് അധികൃതരുടെ പരിഗണനയിലുള്ളത്. പേര് ഉറപ്പിച്ചെങ്കിലും വില സംബന്ധിച്ച് തീരുമാനമായിട്ടില്ല. 2014ൽ നിർമ്മാണം ആരംഭിച്ചെങ്കിലും 2018 മാർച്ചിലാണ് ഫാക്ടറി, മെഷിനറി, ഇലക്ട്രിസിറ്റി, ഫെൻസിംഗ് മുതലായവ സജ്ജമാക്കാനായത്. കുപ്പിവെള്ള മാഫിയയ്ക്ക് തടയിടാനും ശുദ്ധജലം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനും വേണ്ടി ആരംഭിച്ച പദ്ധതിയെ തുരങ്കം വയ്ക്കാൻ ആദ്യഘട്ടം മുതൽ ശ്രമം നടക്കുന്നതായി ആക്ഷേപം ശക്തമാണ്.
വിതരണ ശേഷി 4.5 ലക്ഷം ലിറ്റർ (പ്രതിദിനം)
പദ്ധതി ചെലവ് 16 കോടി രൂപ
നിർമ്മാണം ആരംഭിച്ചത് 2014ൽ