photo

പാലോട്: ഇന്ന് സംസ്‌കൃത ദിനം. ലോകത്തിൽ ആദ്യമായി സംസ്‌കൃതഭാഷയിൽ നിർമ്മിച്ച കുട്ടികളുടെ ചലച്ചിത്രമായ 'മധുരസ്മിതം" പിറവിയെടുത്തത് നമ്മുടെ കേരളത്തിലെ കലയുടെ നാടായ നന്ദിയോട്ടു നിന്ന്. സംസ്‌കൃത ഭാഷയുടെ മഹത്വവും പ്രാധാന്യവും ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് എല്ലാവർഷവും ശ്രാവണപൂർണിമ ദിനം രാജ്യത്ത് സംകൃത ദിനമായി ആഘോഷിക്കാൻ ഉത്തരവിട്ടത്. ഈ അവസരത്തിൽ ആണ് കുട്ടികളുടെ സിനിമയായ മധുരസ്മിതം ശ്രദ്ധേയമാകുന്നത്. പാലോട് കൊല്ലായിൽ എസ്.എൻ.യു.പി.എസ് സംസ്കൃതം അദ്ധ്യാപകനായ സുരേഷ് ഗായത്രിയാണ് ചിത്രം സംവിധാനംചെയ്തത്. സംസ്കൃത അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ സംസ്‌കൃത അദ്ധ്യാപകരായി വിരമിച്ച എൻ.കെ.രാമചന്ദ്രൻ, ബി.ആർ. ലാലി, കെ.ഇ. മനോഹരൻ, കെ.ജി.രമാബായ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഈ സിനിമയിൽ അഭിനയിച്ചു. ഗാനങ്ങൾക്ക് പ്രാധാന്യം ഉള്ള ഈ ചലച്ചിത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംസ്‌കൃതം വിദ്യാർത്ഥിനി ഐഫുന നുജൂം, ത്രിപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ സംഗീത വിദ്യാർത്ഥിനി രുഗ്മ.പി.എച്ച്. എന്നിവർ പ്രധാന ഗായകർ ആണ്. സംസ്കൃതം വിദ്യാർത്ഥികൾ ആയ ആവണി എസ്. നായർ, നിത്യ, ഉദയ് നാരായണൻ, അഞ്ജന, വിഷ്ണു, വസിഷ്ഠ്, ശ്രീഹരി തുടങ്ങി നാല്പതോളം പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംസ്‌കൃത അദ്ധ്യാപകർ ആയ മഞ്ജുഷ, സാനിമോൾ, ബിന്ദു, വിമല, തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ആദ്യത്തെ കുട്ടികളുടെ സംസ്‌കൃത ചലച്ചിത്രമായ മധുരസ്മിതത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിനിമ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി സമർപ്പിച്ചിരിക്കുന്നു. മുൻ രാഷ്‌ട്രപതി ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമിന്റെ 'അഗ്നിച്ചിറകുകൾ" എന്ന പ്രസിദ്ധമായ കൃതിയാണ് ചിത്രത്തിന്റെ ആശയം. വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കുന്ന സമൂഹ്യ ചലച്ചിത്രമാണ് മധുരസ്മിതം. ഈ സംസ്‌കൃത ദിനത്തിൽ ലോകത്തിന് സംസ്‌കൃതഭാഷയിൽ കുട്ടികളുടെ ആദ്യ ചലച്ചിത്രം ഭാരതത്തിൽ നിന്നും നൽകാനായതിന്റെ അതിയായ സന്തോഷത്തിൽ ആണ് കേരളത്തിലെ സംസ്‌കൃത അദ്ധ്യാപകരും വിദ്യാർത്ഥികളും.