കിളിമാനൂർ: ലോക്ക് ഡൗൺ ഒന്നുമില്ലാതെ നാട്ടിൽ ഇറങ്ങി വിലസുന്ന വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് മനുഷ്യർ തീർക്കുന്ന ഇലക്ട്രിക് വേലി വയ്യാവേലി ആകുന്നു. പ്രധാനമായും കൃഷിയിടങ്ങളിൽ എത്തി കൃഷി നശിപ്പിക്കുന്ന പന്നിയിൽ നിന്ന് രക്ഷ നേടുന്നതിനാണ് ഇത്തരത്തിൽ സുരക്ഷാ വേലി തീർക്കുന്നത്. ഇരുമ്പ് കമ്പികൾ കൊണ്ടുള്ള വേലി തീർത്ത് അതിലേക്ക് വീടുകളിൽ നിന്ന് വൈദ്യുതി എത്തിച്ച് എർത്ത് കൊടുക്കുന്ന രീതിയാണ് ഇത്. ഇതിൽ പലപ്പോഴും മൃഗങ്ങൾക്ക് പകരം മനുഷ്യരാണ് അപകടത്തിൽ പെടുന്നത്. നാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയപ്പോഴാണ് നിയമ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ തിരിഞ്ഞത്. മാസങ്ങൾക്ക് മുൻപ് വെഞ്ഞാറമൂട് മൂന്നാനകുഴി കള്ളിക്കാട് വീട്ടിൽ സുരേന്ദ്രൻ ഇത്തരത്തിൽ മരിച്ചിരുന്നു. സമീപത്തുള്ള നാല് പേർ ചേർന്ന് പന്നിയെ വീഴ്ത്തുന്നതിന് വേണ്ടി സ്ഥാപിച്ച എർത്ത് കമ്പിയിൽ തട്ടിയായിരുന്നു മരണം. എന്നാൽ ആദ്യം വീട്ടിൽ നിന്ന് ഷോക്കേറ്റതാണന്ന് പറഞ്ഞു പ്രതികൾ സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം പന്നിയെ വീഴ്ത്താൻ സ്ഥാപിച്ച ഇലക്ട്രിക് കെണിയിൽ നിന്നാണെന്ന് കണ്ടെത്തിയത്. കല്ലറ തറട്ടയിലും കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചിരുന്നു. നിരന്തരം ഇത്തരത്തിൽ അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പും കെ.എസ്.ഇ.ബിയും ജാഗ്രത പുലർത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.