നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി അപ്ഗ്രേഡ് ചെയ്യും. ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ അധിക സേവനം ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 12.40 ലക്ഷം രൂപയും പാവപ്പെട്ട പ്രമേഹ രോഗികൾക്ക് സൗജന്യ ഇൻസുലിൻ ലഭ്യമാക്കുന്നതിന് ഒരു ലക്ഷം രൂപയുടെ പദ്ധതിയും സൗജന്യ മരുന്ന് വിതരണത്തിന് 1.25 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കും. പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. മണിയൻകോട് കോളനിയിലെ ദമ്പതികളുടെ സമ്പർക്കപ്പട്ടിക പൂർത്തിയാൽ ഉടൻ റാപ്പിഡ് ടെസ്റ്റിന് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.