തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയെന്ന 'കെ.ഹാക്കേഴ്സി'ന്റെ അവാകാശവാദത്തെ കെ.എസ്.ഇ.ബി തള്ളി.
വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്നും ബില്ല് ഓൺലൈനായി അടയ്ക്കുന്നതിനുള്ള ക്യുക്ക് പേ എന്ന സംവിധാനം വഴി കിട്ടാവുന്ന വിവരങ്ങളാണ് ഹാക്കേഴ്സ് എന്നവകാശപ്പെടുന്നവർ സ്വന്തമാക്കിയതെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇതു സംബന്ധിച്ച് ബോർഡ് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
എന്തായാലും ക്യുക്ക് പേ സംവിധാനം താത്കാലികമായി നിറുത്തി കെ.എസ്.ഇ.ബി വെബ്സൈറ്റ് ബലപ്പെടുത്തിയിട്ടുണ്ട്.
അഞ്ചുകോടി രൂപ വിലവരുന്ന വിവരങ്ങളാണ് ചോർത്തിയതെന്നാണാണ് കെ ഹാക്കേഴ്സ് സംഘത്തിന്റെ അവകാശവാദം. മൂന്ന് മാസത്തിനുള്ളിൽ സൈറ്റ് പുനർരൂപകൽപന ചെയ്തില്ലെങ്കിൽ വിവര നഷ്ടം ഉണ്ടാകുമെന്നുമാണ് സംഘം പറയുന്നത്. രൂപകൽപന ചെയ്ത സോഫ്റ്റ് വെയറിനുനേരെ മുമ്പും ആസൂത്രിത ആക്രമണം ഉണ്ടായിട്ടുണ്ട്. പണംകൊടുത്തുവാങ്ങേണ്ട മറ്റ് സോഫ്റ്റ് വെയറിലേക്ക് മാറ്റാനുള്ള തന്ത്രമാണെന്നും സംശയമുണ്ട്.
ആശങ്കവേണ്ട
ഹാക്കർമാർ എന്നവകാശപ്പെടുന്നവർക്ക് കിട്ടിയത് നിലവിൽ പബ്ലിക് ഡൊമൈനിലുള്ള വിവരങ്ങൾ മാത്രമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കൺസ്യൂമർ നമ്പരോ, ഫോൺ നമ്പരോ നൽകി ഏറ്റവും ഒടുവിലെ ബിൽ കാണാനും, ബിൽ തുക അറിയാനും സഹായിക്കുന്ന ലിങ്കുകളിൽ നിന്നാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ നേടിയിരിക്കുന്നത്.
മുൻ പേമെന്റ് സംബന്ധിച്ച വിവരങ്ങളോ, ബാങ്ക് / കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങളോ, വ്യക്തിപരമായ ഏതെങ്കിലും വിവരമോ ഒന്നും ഈ ലിങ്കുകൾ വഴി ലഭ്യമാകില്ല.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ എല്ലാ വ്യക്തിഗത വിവരങ്ങളും ഏറ്റവും ആധുനികമായ ഡേറ്റ സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി യുടെ ഓൺലൈൻ പോർട്ടലായ wss.kseb.in വഴി ലോഗിൻ ചെയ്ത് ഓൺലൈൻ പേയ്‌മെന്റുകൾ നടത്താവുന്നതാണ്.