senaamgangal-chernnu-raks

കല്ലമ്പലം: 70 അടിയോളം ആഴമുള്ള കിണറ്റിൽ വീണ യുവാക്കളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് ലക്ഷംവീട് കോളനിയിൽ പഞ്ചായത്ത് കിണറ്റിൽ അകപ്പെട്ട പെരുങ്കുളം നിശാഭവനിൽ നിജു (30), കക്കൊട്ടുകുന്ന് വൈശാഖ വിലാസത്തിൽ സുരേന്ദ്രൻ (49) എന്നിവരെയാണ് ആറ്റിങ്ങൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുമ്പോൾ നിജു കാൽ വഴുതി താഴേക്ക് വീണു. നിജുവിനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു സുരേന്ദ്രൻ. എന്നാൽ ഇരുവരും കരയ്ക്ക്‌ കയറാനാകാതെ വിഷമിച്ചതോടെ നാട്ടുകാരറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുധുസൂദനൻ നായരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ രജീഷ്, അഖിലേസൻ, എം. അനിൽകുമാർ, ശ്രീരാഗ്, പ്രമോദ്, എ.ആർ. സുരേഷ്, ഹോംഗാർഡുമാരായ സുരേഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം ഇരുവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഇതേ കിണറ്റിൽ അകപ്പെട്ട പെൺകുട്ടിയെയും ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയിരുന്നു.