തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ വെട്ടിച്ചെന്ന പരാതി ഉണ്ടായ ശേഷം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം പോയിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയതോടെ വെട്ടിച്ച രണ്ട് കോടി എവിടെ നിന്നാണ് പോയതെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം കടുക്കുന്നു.
പ്രത്യേക പദ്ധതിക്കുള്ള കളക്ടറുടെ ഫണ്ടിൽ നിന്നാണ് ജീവനക്കാരനായ ബിജുലാൽ വെട്ടിപ്പ് നടത്തിയത്. ഈ അക്കൗണ്ടിൽ നിന്ന് ഇയാൾ രണ്ട് കോടി തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ശേഷം അതിൽ നിന്ന് 60 ലക്ഷത്തിലധികം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് കളക്ടറുടെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ഇടപാട് റദ്ദാക്കി. സാധാരണ ഒരു ഇടപാട് നടത്തിയാൽ റദ്ദാക്കാനാവില്ല. രണ്ട് കോടി കളക്ടറുടെ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ഇതു പ്രകാരം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ തുക പോയിട്ടില്ല. തട്ടിപ്പുകാരന്റെ ഭാര്യയുടെ സ്വകാര്യ അക്കൗണ്ടിൽ പണം കിടക്കുകയും ചിലത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ കളക്ടറുടെ അക്കൗണ്ടിൽ തിരിച്ചിട്ട രണ്ട് കോടി ഏത് പൂളിൽ നിന്നാണ് പോയത്?
ഇനി അഥവാ പണമെടുത്തയാൾ അത് തിരിച്ചടയ്ക്കാൻ തയ്യാറാവുമെന്നു കരുതുക. ഏത് അക്കൗണ്ടിലാണ് ഈ പണം തിരികെ നിക്ഷേപിക്കുക. പണം പോയിട്ടില്ലെന്ന് കളക്ടർ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്നം ഉദിച്ചത്.
മൂന്ന് തരത്തിലുള്ള ഫണ്ടാണ് സർക്കാരിനുള്ളത്. ഒന്ന് കൺസോളിഡേറ്രഡ് ഫണ്ട്, രണ്ട് പബ്ലിക് അക്കൗണ്ട്, മൂന്നു കണ്ടിൻജൻസി ഫണ്ട്. ഏത് ഫണ്ടിൽ നിന്നാണ് പണം പോയത് എന്ന് പറയാനാവില്ലെന്നാണ് ട്രഷറി അധികൃതർ പറയുന്നത്. ഏത് ഫണ്ടിൽ നിന്നായാലും പണം പുറത്തേക്ക് പോകാൻ ഒരു ഇൻസ്ട്രുമെന്റ് ( ചെക്കോ ബില്ലോ) വേണം. ഇനി ഓൺലൈൻ സമ്പ്രദായത്തിന്റെ ന്യൂനതയാണെങ്കിൽ വർഷങ്ങളായി ഈ സമ്പ്രദായം തുടങ്ങിയ ശേഷം എത്ര തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും എന്നും അന്വേഷിക്കേണ്ടിവരും.
സാധാരണയായി വിവിധ പദ്ധതികൾക്കായി ഓരോ വകുപ്പിനും പ്രത്യേകം ഹെഡ് ഒഫ് അക്കൗണ്ട് ഉണ്ടാക്കും. ഈ പദ്ധതികൾക്ക് വേണ്ടി മാത്രമേ ഈ പണം പിൻവലിക്കാൻ കഴിയൂ. ഇങ്ങനെ ചെലവാക്കാത്ത പണം പല അക്കൗണ്ടുകളിൽ കിടക്കുന്നുണ്ടാകും. ഇവയുടെ റികൺസിലിയേഷൻ കൃത്യമായി ട്രഷറികളിൽ നടക്കുന്നുണ്ടോ എന്നതും മറ്രൊരു പ്രശ്നമാണ്.
2 കോടിയുടെ ട്രഷറി തട്ടിപ്പ്:
ധനകാര്യ സെക്രട്ടറി അന്വേഷിക്കും
*കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഐസക്
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നടന്ന 2 കോടിയുടെ തട്ടിപ്പിന്റെ ഉത്തരവാദികൾക്കെതിരെ സർക്കാർ കർക്കശമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അറിയിച്ചു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനയും സെക്യൂരിറ്റി ഓഡിറ്റും, അച്ചടക്ക, ക്രിമിനൽ നടപടികളും സ്വീകരിക്കും.
ട്രഷറിയിൽ നിന്ന് ഓൺലൈനായി പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ടന്റ് മാത്രം കണ്ടാൽ പോരാ. മുകളിലുള്ള ഓഫീസറും കാണണം. മേയ് 31 നു റിട്ടയർ ചെയ്ത ട്രഷറി ഓഫീസറുടെ പാസവേർഡ് ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം.ഇതു പാലിക്കാത്തവരുടെ മേലും നടപടിയുണ്ടാകും. സമാന സംഭവങ്ങൾ വേറെയുണ്ടോയെന്നും പരിശോധിക്കും.
വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ പ്രതി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം ട്രഷറിയിലെ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയ ശേഷം ആ ഇടപാടിന്റെ രേഖകൾ ഡിലീറ്റ് ചെയ്തു. അതോടെ കളക്ടറുടെ അക്കൗണ്ടിൽ രണ്ട്കോടി രൂപ കുറവു വന്നത് പുനസ്ഥാപിക്കപ്പെട്ടു. എന്നാൽ പ്രതിയുടെ അക്കൗണ്ടുകളിൽ കുറവു വന്നിട്ടില്ല. ഇത്തരമൊരു കണക്ക് ഒരിക്കലും പൊരുത്തപ്പെടില്ല. ഡേ ബുക്ക് ക്ലോസ് ചെയ്യാനാവില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവന്നത്. എന്തുകൊണ്ട് ഇതിന് രണ്ടു ദിവസം വേണ്ടിവന്നു, 27 ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതാണോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങൾ അന്വേഷണ പരിധിയിൽ വരും..സോഫ്റ്റ് വെയറിൽ മറ്റെന്തെങ്കിലും പഴുതുകളണ്ടോയെന്നും, പ്രതി മുമ്പിരുന്ന ട്രഷറികളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്വേഷണത്തിന് കമ്പ്യൂട്ടർ വിദഗ്ദ്ധരും
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ രണ്ട് കോടി രൂപയുടെ തട്ടിപ്പിന്റെ വകുപ്പ് തല അന്വേഷണ നടത്തുന്നതിന് കമ്പ്യൂട്ടർ വിദഗ്ദ്ധരെയും ഉപയോഗിക്കും. ട്രഷറി വകുപ്പ് ജോയന്റ് ഡയറക്ടർ (വിജിലൻസ്) സാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഓൺലൈൻ ഇടപാടിൽ നടന്ന ക്രമക്കേടുകളായതുകൊണ്ടാണ് കമ്പ്യൂട്ടർ വിദഗ്ദ്ധരെ ഏർപ്പെടുത്തുന്നത്.
ട്രഷറി തട്ടിപ്പ്: മുഖ്യപ്രതി
ഫോണുപേക്ഷിച്ച് മുങ്ങി
തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയ സീനിയർ അക്കൗണ്ടന്റ് ബാലരാമപുരം പയറ്റുവിള സ്വദേശി എം.ആർ.ബിജുലാൽ രണ്ടു ദിവസം മുമ്പെ (53) ഒളിവിൽ പോയതായി പൊലീസ്.
ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ മുങ്ങിയത്. ബിജുലാലിന്റെ ഭാര്യയും കേസിലെ മറ്റൊരു പ്രതിയുമായ കിള്ളിപ്പാലം സ്പെഷ്യൽ സ്കൂൾ അദ്ധ്യാപിക സിമിയെ (45) ശനിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിലാക്കിയാണ് ഇയാൾ കടന്നുകളഞ്ഞത്. അതേസമയം ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ഇവർക്ക് പ്രതിയുടെ മറ്റ് ഫോൺ നമ്പറുകൾ അറിയില്ലെന്നാണ് മൊഴി. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയെത്തുടർന്ന് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം ബിജുലാലിനും സിമിക്കുമെതിരെ കേസ് എടുത്തതായും ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും വഞ്ചിയൂർ സി.ഐ. പറഞ്ഞു.
ബിജുലാലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ സാജൻ ആണ് വകുപ്പ് തലത്തിൽ അന്വേഷിക്കുന്നത്.
സ്വയം വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയത്. ജില്ലാ കളക്ടറുടെ പേരിൽ ആദിവാസിക്ഷേമ പദ്ധതിയ്ക്കുള്ള അക്കൗണ്ടിൽ നിന്നാണ് പണം മാറ്റിയത്. പണം തന്റേയും ഭാര്യയുടേയും മറ്റൊരു സ്ത്രീയുടേയും പേരിൽ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയശേഷം വിവരങ്ങൾ നശിപ്പിച്ചു. ട്രഷറിയിലെ ദിനബുക്കിൽ വ്യത്യാസം കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.