തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഡിപ്പോ അധികൃതരും ചില സപ്ളൈകോ ഉദ്യോഗസ്ഥരും ചേർന്ന് ഉപയോഗശൂന്യമെന്ന് എഴുതിത്തള്ളിയ 1563.955 ടൺ ധാന്യം വൃത്തിയാക്കി ഭക്ഷ്യയോഗ്യമാക്കാമെന്ന് സിവിൽ സപ്ളൈസിന്റെ അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ധാന്യങ്ങൾ ഉപയോഗ ശൂന്യമാണെന്ന് വരുത്തി കടത്താനുള്ള ചിലരുടെ ശ്രമം പൊളിഞ്ഞു. നശിപ്പിക്കാൻ ശ്രമിച്ച ധാന്യത്തിന്റെ 54 ശതമാനവും ഭക്ഷണത്തിന് ഉപയോഗിക്കാമെന്നാണ് വ്യക്തമായത്.
കേടായ റേഷൻ ധാന്യത്തിന്റെ പേരിലുള്ള വൻ തട്ടിപ്പ് ശ്രമത്തെ പറ്റി ജൂൺ 23ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു.
സൗത്ത്, നോർത്ത് മേഖലകളിൽ വെവ്വേറെയാണ് അന്വേഷണം നടത്തിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സൗത്ത് ഗോഡൗണുകളിൽ കേടായെന്ന് പറഞ്ഞ ധാന്യത്തിൽ 1563 ടൺ വൃത്തിയാക്കി ഉപയോഗിക്കാമെന്ന് കണ്ടെത്തി. തൃശൂർ മുതൽ കാസർകോട് വരെയുള്ള നോർത്ത് ഡിപ്പോകളിൽ 955 കിലോഗ്രാം അരിയാണ് ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. രണ്ട് റിപ്പോർട്ടുകളും ക്രോഡീകരിച്ച് സിവിൽ സപ്ളൈസ് സെക്രട്ടറി വകുപ്പ് മന്ത്രി പി.തിലോത്തമന് കൈമാറും.
കാലിത്തീറ്റയ്ക്കും വളത്തിനും
വൃത്തിയാക്കാവുന്ന അരിയും ഗോതമ്പും ഉൾപ്പെടെ 2,878.447 ടൺ ധാന്യമാണ് കേടായത് എന്ന പട്ടികയിലുള്ളത്. ഇതിൽ ഭക്ഷ്യയോഗ്യമാക്കാവുന്ന 1563.955 ടൺ ഒഴികെയുള്ളവ നശിപ്പിക്കേണ്ടെന്നും കാലിത്തീറ്റയ്ക്കും വളത്തിനും ഉപയോഗിക്കാമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
721.13 ടൺ കാലിത്തീറ്റയാക്കാം
251.88 ടൺ വളമാക്കാം
ഏറ്റവും കൂടുതൽ നെടുമങ്ങാട്
തിരിമറി ആരോപണങ്ങൾ നിരവധിയുള്ള നെടുമങ്ങാട് ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ധാന്യം നശിപ്പിക്കാൻ ശ്രമം നടന്നത്. ഇവിടെ പഴയതെന്ന് കണ്ടെത്തിയ 935 ടണ്ണിൽ 592 ടൺ മിൽക്ലീനിംഗിലൂടെ ഉപയോഗിക്കാമെന്ന് കണ്ടെത്തി. 179 ടൺ കാലിത്തീറ്റയ്ക്കും 164 ടൺ വളത്തിനും ഉപയോഗിക്കാം