തിരുവനന്തപുരം: മഴ വന്നാൽ വെള്ളം പൊങ്ങി പ്രളയമാകാൻ സാദ്ധ്യതയുള്ള ആറ് സ്‌പോട്ടുകളാണ് നഗരത്തിലുള്ളത്. തമ്പാനൂർ, ഓവർബ്രിഡ്ജ്, കിഴക്കേകോട്ട ,അട്ടക്കുളങ്ങര, കരിമഠം, ചാക്ക, ഊറ്റുകുഴി എന്നിവയാണിത്. മഴപെയ്താൽ വെള്ളമിറങ്ങി പോകാനുള്ളത് ആമയിഴഞ്ചാൻ തോട്ടിലൂടെയാണ്. ഇവിടെ മാലിന്യത്തിന്റെ അളവ് കൂടിയതിനാൽ അരമണിക്കൂർ മഴ പെയ്താൽ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്ക് നിൽക്കും. പിന്നെ വെള്ളം പൊങ്ങി റോഡിലേക്കൊഴുകും. ഇതോടെ പ്രളയ സ്‌പോട്ടുകളിലെല്ലാം വെള്ളം കയറും. ഇങ്ങിനെ പൊങ്ങിവരുന്നത്
മാലിന്യങ്ങൾ ഉൾപ്പടെ നിറഞ്ഞ് കൂമ്പാരമായ വെള്ളമാണ്. കാൽനടക്കാരെയും നഗരത്തിൽ കച്ചവടം നടത്തുന്നവരെയും നഗരത്തിലെ വീടുകളെയുമാണ് ഇത് ബാധിക്കുന്നത്. മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള മാലിന്യമാണ് ഓരോ മഴയെത്തും ഒഴുകിയെത്തുന്നത്.
ആമയിഴഞ്ചാൻ തോടിനെ ഇറിഗേഷൻ വിട്ടു: ഇപ്പോൾ നഗരസഭ
ആമയിഴഞ്ചാൻ തോട് ശുചീകരിക്കേണ്ട പദ്ധതി ഇറിഗേഷൻ വകുപ്പ് ആവിഷ്കരിച്ചെങ്കിലും മതിയായ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി എങ്ങുമെത്തിയില്ല. പരാതികളും പ്രതിഷേധങ്ങളും രൂക്ഷമായതോടെ നഗരസഭ ഇടപെട്ട് നടപടികൾ ആരംഭിച്ചു. തമ്പാനൂർ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി പാറ്റൂർ വരെ മണ്ണും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കോടി രൂപയാണ് ഈ പ്രവർത്തികൾക്ക് വേണ്ടി നഗരസഭ അനുവദിച്ചിരുന്നത്.
അതോടൊപ്പം തന്നെ തോട് കടന്നുപോകുന്ന സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി തകർന്ന സ്ഥലങ്ങൾ പുനർനിർമ്മാണം നടത്തി പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പാറ്റൂർ മുതൽ കണ്ണമ്മൂല വരെ അടുത്ത ഘട്ടത്തിൽ പണിയാരംഭിക്കും. കിള്ളിയാറിന്റെ ശുചീകരണവും നടക്കുന്നുണ്ട്.
പ്രതികരണം
കാലവർഷം ശക്തമാകുന്നതിനു മുന്നേ ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുണ്ടായിരുന്നു. ലോക്ക് ഡൗണിൽ താമസം നേരിട്ടു.
-മേയർ കെ. ശ്രീകുമാർ