കാട്ടാക്കട: പൂവച്ചൽ, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കാട്ടാക്കട, കുറ്റിച്ചൽ, ആര്യനാട് ഗ്രാമപഞ്ചായത്തുകളിലും കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നുണ്ട്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ യാത്ര ചെയ്തിരുന്ന ജീപ്പിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരെല്ലാം ക്വാറന്റൈനിലായി. ഇന്നലെ നടത്തിയ സ്രവപരിശോധനയിൽ 16 പേർ പോസിറ്റീവ് ആയതോടെ കള്ളിക്കാട്ട് രോഗികളുടെ എണ്ണം 69 ആയി. ഇവിടെ 1500 ഒാളം പേർ നിരീക്ഷണത്തിൽ കഴിയുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പൂവച്ചൽ പഞ്ചായത്തിൽ ഇന്നലെ 16 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 38 ആയി. 300ൽ പരം പേർ നിരീക്ഷണത്തിലാണ്. കുറ്റിച്ചൽ പഞ്ചായത്തിൽ 12പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ ഗ്രാമപഞ്ചായത്തുകളിലെ പല വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്. കള്ളിക്കാട് പഞ്ചായത്തിൽ ലോക്ക് ഡൗണാണ്. ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ സജീവമായി നാടിനെ കരകയറ്റാൻ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും വെല്ലുവിളിയോടെ ഇവ ലംഘിക്കുന്ന കാഴ്ച ഭീഷണിയാകുകയാണ്. കാട്ടാക്കട തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങളെല്ലാം അവഗണിച്ചാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർമാർക്കും ചെക്കിംഗ് ഇൻസ്‌പെക്ടറിനും കൊവിഡ് സ്ഥിരീകരിച്ചപ്പോൾ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആൾക്ക് സ്റ്റേഷൻ ചാർജ് നൽകി ഇവിടെ നിന്നും സർവീസുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് പരിശോധന നടത്തി ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മാത്രം ഉത്തരവാദിത്വം ആക്കാനാണ് പഞ്ചായത്തുകൾ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ആളുകൾക്ക് ആവശ്യമായ ബോധവത്കരണവും നിർദ്ദേശങ്ങളും നൽകിയും കർശന നടപടി സ്വീകരിച്ചും വ്യാപനം തടയാൻ ശ്രമിക്കാതെ, ലോക്ക് ഡൗൺ തന്നെ വേണം എന്ന നിലപാടിലേക്കാണ് പഞ്ചായത്തുകൾ പോകുന്നത്.