ബാലരാമപുരം: ബാലരാമപുരം ഗ്രാമപ‌ഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ സംഖ്യ അമ്പത് കടന്നു. ഇന്നലെ മാത്രം ഏഴ് പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഠൗൺവാർഡ് -3,​ രാമപുരം -2,​ പാറക്കുഴി -1,​ ആർ.സി സ്ട്രീറ്റ് -1 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്ക്. ഠൗൺ വാർഡിൽ ഒരു കുടുംബത്തിൽ അഞ്ച് പേർക്ക് രോഗബാധയേറ്റു. കുടുംബത്തിലെ രണ്ട് പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് മറ്റ് മൂന്ന് പേർക്ക് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സ്രവപരിശോധന നടത്തിയപ്പോൾ മൂന്ന് പേരുടെ ഫലം പോസിറ്റീവായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 24 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ കിറ്റുകളുടെ അഭാവവും വെല്ലുവിളിയാകുന്നുണ്ട്. രോഗലക്ഷണമുള്ള 50 പേർക്ക് ഇന്ന് ആന്റിജൻ ടെസ്റ്ര് നടത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ചാമവിള,​ മണലി വാർഡുകളിലാണ് കേസ്സുകൾ കൂടുതലുള്ളത്. നിർദ്ധനരായ നിരവധിപേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഈ ഭാഗത്തെ ആൾക്കാർക്ക് അടിയന്തരമായി ആന്റിജൻ പരിശോധന നടത്തി രോഗഭീതി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയാണ്. ഇടമനക്കുഴി,​ ഠൗൺ,​ ആർ.സി സ്ട്രീറ്റ്,​ പുള്ളിയിൽ,​ രാമപുരം തുടങ്ങിയ വാർഡുകളും രോഗഭീതിയിലാണ്. കേസ്സുകൾ കൂടുന്ന സാഹചര്യമുണ്ടായിട്ടും പഞ്ചായത്ത്. ആരോഗ്യവകുപ്പ്,​ പൊലീസ് എന്നിവരുടെ നേത്യത്വത്തിൽ ആലോചനായോഗം ചേർന്ന് അടിയന്തര നടപടികൾ പോലും ഇതേവരെ സ്വീകരിച്ചിട്ടില്ല. വാർഡ് മെമ്പർമാർ,​ ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പുറമേ വിവിധ റസിഡൻസ് അസോസിയേഷനുകളും സാമുദായിക സംഘടനകളും ഇക്കാര്യത്തിൽ ഒത്തൊരുമയോടെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതനിർദ്ദേശം കൈമാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.