covid-19

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) മേൽനോട്ടത്തിലുള്ള 'ക്യുകോപ്പി ഓൺലൈൻ സർവീസസ്' വികസിപ്പിച്ച 'ജി.ഒ.കെ ഡയറക്ട്‌- കേരള' തെരഞ്ഞെടുക്കപ്പെട്ടു.

'ആപ് സമുറായി ഇൻകോർപറേറ്റഡ്' എന്ന അമേരിക്കൻ സ്ഥാപനം ആഗോളാടിസ്ഥാനത്തിൽ 12 ആപ്പുകളെയാണ് തെരഞ്ഞെടുത്തത്. ഇവർക്കെല്ലാവർക്കും കൂടി രണ്ടു കോടിയോളം രൂപയുടെ ഗ്രാന്റ് നൽകും. 3.75 ലക്ഷം രൂപയാണ് ക്യുകോപ്പിക്കു ലഭിക്കുക. ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ആപ്പ് ആണ് ജി.ഒ.കെ ഡയറക്ട്.
കൊവിഡിനൊപ്പം നിപ്പ,പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും കൃത്യമായ വിവരങ്ങളും വസ്തുതകളും ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ജി.ഒ.കെ ഡയറക്ട് നടത്തിയ ശ്രമങ്ങളും അവാർഡ് നേടാൻ സഹായകമായി.
സർക്കാരിന്റെ അറിയിപ്പുകൾ,മാർഗനിർദേശങ്ങൾ,ക്വാറന്റൈൻ വിവരങ്ങൾ,സുരക്ഷാ നിർദ്ദേശങ്ങൾ,സന്ദർശകർ പാലിക്കേണ്ട നിബന്ധനകൾ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജി.ഒ.കെ ഡയറക്ട് ആപ്പ് വഴി ലഭിക്കും.