തിരുവനന്തപുരം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് ഡയറക്ടർ അനിൽകാന്ത് സർക്കാരിന് കത്ത് നൽകി. ശിവശങ്കറിനെതിരെ ലഭിച്ച എല്ലാ പരാതികളും ഒരു ഫയലാക്കി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനാണ് കൈമാറിയത്. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാതെ അനുമതി നൽകാനാണ് സാദ്ധ്യത.
ശിവശങ്കർ ചുമതല വഹിച്ച ഐ.ടി വകുപ്പിലുൾപ്പെടെ നടത്തിയ അനധികൃത നിയമനങ്ങൾ, മദ്യ വിൽപനയ്ക്കായി തുടങ്ങിയ ബെവ്ക്യൂ ആപ്പ്, ചട്ടം ലംഘിച്ചു മണൽ കടത്ത് ശ്രമം തുടങ്ങിയ വിവാദ വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിലാണ് അന്വേഷണാനുമതി തേടിയത്. അഴിമതി നിരോധന നിയമ ഭേദഗതി 17 (1) അനുസരിച്ചു മന്ത്രിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയുള്ള വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണ്.
ശിവശങ്കറിനെതിരെ തുടർച്ചയായി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന് ചെന്നിത്തല അനിൽകാന്തിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. വിജിലൻസ് നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പും നൽകിയതോടെ, ഫയൽ സർക്കാരിന് കൈമാറുകയായിരുന്നു. .ചട്ടങ്ങൾ പാലിക്കാതെ വിദേശ കൺസൾട്ടൻസികൾക്ക് സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് അനുമതി നൽകിയതും ഇതുവഴി സർക്കാരിനുണ്ടായ കോടികളുടെ നഷ്ടവും സംബന്ധിച്ച പരാതിയും നിലവിലുണ്ട്.
ശിവശങ്കർ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണം:ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ പ്രതിപക്ഷം വിജിലൻസിന് നൽകിയ പരാതികളിൽ അന്വേഷണത്തിന് അനുമതിനൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻ സെക്രട്ടറി ശിവശങ്കർ ഐ.ടി.വകുപ്പിൽ നടത്തിയ കരാർ നിയമനങ്ങളുംബെവ്ക്യു ആപ്പ് തിരഞ്ഞെടുത്തതും പമ്പയിലെ മണൽവാരലിന് അനുമതി നൽകിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പ്രതിപക്ഷം പരാതികൾ നൽകിയിട്ടുണ്ട്. ഇതിലെല്ലാം അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് വിജിലൻസ്. സർക്കാർ അനുമതി നൽകാത്തതിനാൽ വിജിലൻസ് ഇപ്പോൾ വന്ധ്യംകരിക്കപ്പെട്ട സ്ഥിതിയിലാണെന്ന് അദ്ദേഹം വാർത്താലേഖകരോട് സംസാരിക്കവേ ആരോപിച്ചു. ശിവശങ്കർ ഐ.ടി. സെക്രട്ടറി എന്ന നിലയിൽ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ നിയമനം ലഭിച്ചവർ ഓരോരുത്തരായി രാജി വച്ച് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേര് വന്ന് കാത്തിരിക്കുമ്പോൾ അവർക്ക് നിയമനം നൽകാതെ പിൻവാതിലിലൂടെ അനധികൃത നിയമനങ്ങൾ തകൃതിയായി നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.