തിരുവനന്തപുരം: ഈ ആഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് മാസത്തിൽ ലഭിക്കുന്ന മഴയുടെ ശരാശരിയിലും കൂടുതൽ ഇത്തവണ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. വടക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയും ലഭിക്കുമെന്നാണ് വിലയിരുത്തൽ.ആഗസ്റ്റ് 4ന് ന്യൂനമർദ്ദമുണ്ടാകാനും സാദ്ധ്യതയുണ്ട് . പെസഫിക്ക് തീരത്ത് നിന്ന് വന്ന് ഒഡീഷ തീരത്തിനടുത്തായി വടക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപം കൊള്ളുക.
4ന് ബംഗാൾ ഉൾക്കടലിൽ എത്തുന്ന ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒഡീഷ തീരംവഴി കരയിലേക്കു കയറും. അറബിക്കടലിൽ നിന്നുള്ള കാറ്റ് മദ്ധ്യ–വടക്കൻ കേരളത്തിനു മുകളിലൂടെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും.ഇതിനിടെ പശ്ചിമഘട്ടത്തിൽ തങ്ങി നിൽക്കുന്ന മേഘങ്ങൾ സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് കാരണമാകും.