
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ നെഞ്ചിടിപ്പ് കൂട്ടി ഇന്നലെ 377 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർദ്ധനയാണ് ഇന്നലെയുണ്ടായത്. 363 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശ മേഖലയിൽ തുടങ്ങിയ രോഗം അനുദിനം നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നതാണ് കണക്കുകൾ വർദ്ധിക്കാൻ കാരണം. ഇന്നലെ ഉറവിടമറിയാതെ രോഗബാധയുണ്ടായത് ഏഴുപേർക്കാണ്. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതിനിടെ എട്ടുപേർക്ക് രോഗം ബാധിച്ചു. ഇന്നലെ നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസാണ് (71) കൊവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്രോഗ ബാധിതനായ ക്ലീറ്റസ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ചികിത്സയിലിരുന്ന പാറശാല സ്വദേശിവിജയലക്ഷ്‌മിയുടെ (68) മരണം കൊവിഡ് മൂലമാണെന്ന് ആലപ്പുഴ എൻ.ഐ.വി ഇന്നലെ സ്ഥിരീകരിച്ചു. അതേസമയം ജില്ലയിൽ ഇന്നലെ 66 പേരുടെ ഫലം നെഗറ്റിവായി. കൊച്ചുതുറ - 30, മുട്ടത്തറ - 10 , മെഡിക്കൽ കോളേജ് -16, പുരയിടം -15 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ. ജില്ലയിൽ ഇന്നലെ 11 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാരുടെയും ഫലം പോസിറ്റീവായി. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പൊലീസുകാരുടെ എണ്ണം നാലായി. പൊലീസ് ഗസ്റ്റ് ഹൗസിൽ ഒരു പൊലീസുകാരനും ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങൽ ഡിവൈ എസ്.പി വൈ. സുരേഷ് ഉൾപ്പെടെ എട്ട് പൊലീസുകാർക്കും ഇന്നലെ രോഗം കണ്ടെത്തി. ഡിവൈ.എസ്.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബി. സത്യൻ എം.എൽ.എ നിരീക്ഷണത്തിൽ പ്രവേശിച്ചു. തിരുവനന്തപുരം ബണ്ട് കോളനിയിലെ 55 പേർക്കും കൊവിഡ് പോസിറ്റീവായി
 ആകെ നിരീക്ഷണത്തിലുള്ളവർ -17,658
 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14,078
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,683
 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 897
 ഇന്നലെ നിരീക്ഷണത്തിലായവർ - 1,904