corona

തിരുവനന്തപുരം: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തേക്ക് രോഗവ്യാപനം തുടരുന്നത് ജില്ലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. 3167 പേരാണ് ഇപ്പോൾ ആശുപത്രിയിലും ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമടക്കം ജില്ലയിൽ ചികിത്സയിലുള്ളത്. ജൂലായിൽ മാത്രം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പട്ടത് 4531 കേസുകളാണ്. ഇതോടെ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞമാസം സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 23 ശതമാനവും ജില്ലയിലാണ്. ജൂൺ 30ന് ജില്ലയിൽ 97 പേർ മാത്രമാണ് ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി.എസ്.എസ്.സി ഉദ്യോഗസ്ഥർക്കും രോഗമുണ്ടായത്. ജൂലായ് ഒന്നാം തീയതി കുമരിച്ചന്തയിലെ മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയർന്നു. 10ന് 129 കേസുകളും 14ന് 200 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. 16ന് 339 കൊവിഡ് രോഗികൾ. 246 പേർക്ക് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ലാർജ്ജ് ക്ലസ്റ്ററുകൾക്ക് പുറമേ ബീമാപള്ളി, വലിയതുറ, അടിമലത്തുറ, പെരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു. തീരമേഖലയിൽ നിന്നും രോഗം ഇപ്പോൾ ഗ്രാമ പ്രദേശങ്ങളിലും മലയോര മേഖലയിലും പടരുകയാണ്.