തിരുവനന്തപുരം : ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം. വഞ്ചിയൂർ - ജനറൽ ആശുപത്രി റോഡിലെ ഓഫീസിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളിയാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉദ്യോഗസ്ഥർ ഓഫീസിലെത്തി ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. വീടിന് സമാനമായ ഇരുനില കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വീടാണെന്ന് കരുതി മോഷ്ടാവ് കുത്തിത്തുറന്നതാകാമെന്നാണ് നിഗമനം. റവന്യു ഇന്റലിജൻസ് ഡയറക്ടറുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.