rover

തിരുവനന്തപുരം:ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡറിൽ നിന്ന് പ്രജ്ഞാൻ റോവർ സ്വയം പുറത്തിറങ്ങി ഏതാനും മീറ്റർ ചന്ദ്രോപരിതലത്തിൽ നീങ്ങിയെന്ന് വെളിപ്പെടുത്തൽ.

നേരത്തേ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട ചെന്നൈയിലെ സോഫ്റ്റ് വെയർ എൻജിനിയർ ഷൺമുഖ സുബ്രഹമണ്യനാണ് പുതിയ അവകാശവാദം ഉന്നയിച്ചത്."നേരത്തെ കണ്ടെത്തിയ സ്ഥലത്തല്ല റോവർ ഇപ്പോഴുള്ളത്. അൽപം മാറിയാണ്. നാസയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ അപഗ്രഥിച്ച് കണ്ടെത്തിയതാണ്. ഇക്കാര്യത്തിൽ ശരിയായ അഭിപ്രായം പറയേണ്ടത് ഐ. എസ്. ആർ.ഒ.യാണ്. " - ഷൺമുഖം പറഞ്ഞു.ഐ.എസ്. ആർ.ഒ. ഇത് സ്ഥിരീകരിച്ചില്ല. കൂടുതൽ നിരീക്ഷണങ്ങളിലൂടെ മാത്രമേ അഭിപ്രായം പറയാനാവൂ എന്ന് ചെയർമാൻ ഡോ. കെ. ശിവൻ പ്രതികരിച്ചു.

കഴിഞ്ഞ വർഷം ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാൻ 2ൽ ഒരു ഒാർബിറ്ററും വിക്രം ലാൻഡറും പ്രജ്ഞാൻ റോവറുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഒാർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണേ ചെയ്യുന്നുണ്ട്. ചന്ദ്രന്റെ വളരെ അപൂർവ്വമായ ചിത്രങ്ങളും വിവരങ്ങളും അയച്ചിരുന്നു.സെപ്തംബർ 7ന് ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ ലാൻഡർ നിയന്ത്രണം തെറ്റി ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഭൂമിയിൽ നിന്ന് നിരവധി സന്ദേശങ്ങളും കമാൻഡുകളും അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇൗ നിർദ്ദേശങ്ങൾ സ്വീകരിച്ച റോവർ ലാൻഡറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സ്വയം പുറത്തുവന്ന് മുന്നോട്ട് നീങ്ങിയതാവാമെന്നാണ് അനുമാനം. ഇതിന് സ്ഥിരീകരണമില്ല.