kallavatt

പുനലൂർ: കൊവിഡ് പടർന്ന് പിടിക്കുന്നത് കണക്കിലെടുത്ത് വ്യാജ വാറ്റ് റെയ്ഡ് നിലച്ചതോടെ കിഴക്കൻ മലയോര മേഖലയിൽ അനധികൃത ചാരായ വാറ്റും വിൽപ്പനയും വ്യാപകമായി. പുനലൂർ നഗരസഭക്ക് പുറമെ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, പിറവന്തൂർ പഞ്ചായത്തുകളിലാണ് വ്യാജ ചാരായ വാറ്റും വിൽപ്പനയും വ്യാപകമായത്. വിദേശമദ്യ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും മദ്യം ലഭിക്കാതായതോടെയാണ് വ്യാജ വാറ്റ് വർദ്ധിക്കാൻ കാരണം.ലോക്ക്ഡൗൺ കാലയളവിൽ വ്യാജ ചാരായം നിമ്മിക്കാൻ സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് ലിറ്റർ കോടയും, വാറ്റ് ചാരയവുമായി നിരവധി പേരെ പൊലിസും, എക്സൈസ് സംഘവും പിടി കൂടിയിരുന്നെങ്കിലും പിന്നീട് റെയ്ഡ് നിലച്ചു. ഇതാണ് വീടുകളും വനമേഖലകളും കേന്ദ്രീകരിച്ച് വ്യാജ വാറ്റ് വർദ്ധിക്കാൻ കാരണം.വിദേശമദ്യം ലഭിക്കാതെ വന്നതോടെ വ്യാജ ചാരയത്തിന് തീ വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്. ഒരു കുപ്പി വാറ്റ് ചാരായത്തിന് 900രൂപ മുതൽ 1300 രൂപ വരെ കൊടുത്ത് വാങ്ങുന്നവരുമുണ്ട്.എന്നാൽ കൊവിഡ് വ്യാപകമായതോടെ പൊലിസും, എക്സൈസും വിവിധ ഡ്യൂട്ടികളുടെ ചുമതലകൾ വഹിക്കുന്നതാണ് റെയ്ഡുകൾ നിലയ്ക്കാൻ കാരണമെന്ന് പറയുന്നു.