medicin

അലോപ്പതി മരുന്നുകൾക്കൊപ്പം ഒരു മണിക്കൂർ എങ്കിലും വ്യത്യാസത്തിൽ ആയുർവേദ മരുന്നുകളും ഉപയോഗിച്ചാൽ ചിലപ്പോൾ കൂടുതൽ ഗുണം കിട്ടുന്നതായും അങ്ങനെ വീര്യമുള്ള മരുന്നുകളുടെ ഉപയോഗം കുറയ്ക്കുവാൻ സാധിക്കുന്നതായും അനുഭവമുണ്ട്. ചില മരുന്നുകളുടെ കൂടെ മറ്റു മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട് അവയെല്ലാം ഒരു ചികിത്സകൻ നിർദ്ദേശിക്കേണ്ടവയാണ്. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നതെല്ലാം ചികിത്സകനെ അറിയിക്കണം.സമൂഹമാധ്യമങ്ങളിൽ കാണുന്നവയും ചികിത്സകർ അല്ലാത്തവർ പറയുന്നതുകേട്ടും കുറിപ്പടി ഇല്ലാതെയും മരുന്ന് വാങ്ങി കഴിച്ച് സ്വയം പരീക്ഷണവസ്തുവായി മാറരുത്.

ഒരു രോഗത്തിന് ചികിത്സ ചെയ്യുമ്പോൾ മറ്റൊരു രോഗമുണ്ടാകുകയോ നിലവിലേത് വർദ്ധിക്കാനോ പാടില്ല.അത്രയേറെ സൂക്ഷ്മവും ശുദ്ധവും അനുയോജ്യവുമായിരിക്കണം ചികിത്സ. അത് ഒരിക്കലും എല്ലാവർക്കും എല്ലാ ഘട്ടങ്ങളിലും ഒരു പോലെ ആയിരിക്കേണ്ടതല്ല.ദേശത്തിനും കാലത്തിനും രോഗത്തിനും വ്യക്തിക്കുമനുസരിച്ച് വ്യത്യസ്തമായിരുന്നാൽ മാത്രമേ ചികിത്സ ശുദ്ധവും സാത്മ്യവും ആകുകയുള്ളൂ.

ഉദാഹരണത്തിന് കേരളത്തിലുള്ളവർക്ക് സുപരിചിതവും സാത്മ്യവും ആണല്ലോ കഞ്ഞി. തുടർച്ചയായി കുറച്ചുദിവസം കുടിച്ചാലും ബുദ്ധിമുട്ടില്ല. എന്നാൽ, തുടർച്ചയായി എത്ര ദിവസം നമുക്ക് ബിരിയാണി കഴിക്കാൻ കഴിയും? അതായത്, കേരളീയർക്ക്‌ ബിരിയാണിയേക്കാൽ ഹിതമാണ് കഞ്ഞി എന്ന് സാരം. ചികിത്സയും ഹിതമായിരിക്കണമെന്ന് സാരം.അത്തരത്തിൽ വളരെ സുരക്ഷിതമായ ചികിത്സയായ ആയുർവേദം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തന്നെ വളർന്നുവന്നതാണ്.

ഏറ്റവും വേഗത്തിൽ ഫലം കിട്ടുന്ന ആയുർവേദത്തിനും കുറച്ചൊക്കെ കുഴപ്പങ്ങളുമുണ്ടാകാം. ഫലം കൂടുമ്പോൾ പാർശ്വഫലവും കാണുമെന്ന് കരുതണം. മറ്റുമരുന്നുകളേക്കാൾ ആയുർവേദ മരുന്നുകളുടെ പ്രവർത്തനം അത്ര വേഗത്തിലല്ലാത്തതു കൊണ്ടാണ് പാർശ്വഫലവും കുറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കണം.

സർജറി ആവശ്യമായ ഘട്ടങ്ങളിലും അടിയന്തര സന്ദർഭങ്ങളിലും രോഗിയുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്ന് വരുമ്പോൾ പാർശ്വഫലം പോലും നോക്കാതെ ആധുനിക വൈദ്യ മരുന്നുകൾ തന്നെയാണ് ഉപയോഗിക്കേണ്ടി വരിക. എന്നാൽ ദീർഘനാൾ നിലനിൽക്കുന്ന രോഗങ്ങളിലും ജീവിതശൈലി കൊണ്ടുണ്ടായ പ്രശ്നങ്ങളിലും പലതരം രോഗങ്ങൾ ഒന്നിച്ചുള്ളവരിലും പ്രായംചെന്നവരിലും കുട്ടികളിലും ഏറ്റവും സുരക്ഷിതമായ മരുന്നുകൾ തന്നെ വേണം. അവിടെയാണ് ആയുർവേദ മരുന്നുകളുടെ പ്രാധാന്യം.