medicine

കാലാവസ്ഥയിലെ വ്യതിയാനം കാരണമുള്ള പലതരം ആരോഗ്യപ്രശ്‌നങ്ങൾ, വാതരോഗവർദ്ധന, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റാനുള്ള മരുന്ന്, കൊതുകിനെതിരെ പുകയ്ക്കാനുള്ള പൊടി എന്നിവ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ആയുർവേദ ഡിസ്പെൻസറികളിലും മറ്റ് ആയുർവേദ ആശുപത്രികളിലും സൗജന്യമായി നൽകിവരുന്നു.

മഴ കാരണം ശുദ്ധജല ദൗർലഭ്യമുള്ളതിനാൽ ഇവിടെ നിന്ന് നൽകുന്ന ചൂർണ്ണം ചേർത്ത് തിളപ്പിച്ച് വറ്റിച്ച വെള്ളം കുടിക്കണമെന്നും ശരീരത്തിന്റെ ചൂട് നിലനിർത്തുന്ന മരുന്നുകൾ മഴക്കാലത്ത് ഉപയോഗിക്കണമെന്നുമുള്ള നിർദ്ദേശം പാലിച്ചാൽ രോഗങ്ങൾ ഒഴിവാക്കാം.

അറുപത് വയസു വരെയുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തി പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടുന്നതിന് സ്വാസ്ഥ്യം പദ്ധതിയും
അതിന് മുകളിൽ പ്രായമുള്ളവരെ പ്രത്യേക കരുതലോടെ ചികിത്സിക്കുന്നതിന് സുഖായുഷ്യം പദ്ധതിയുമുണ്ട്. നിലവിലുള്ള ചികിത്സകൾക്ക് തടസമുണ്ടാകാതെ ആരോഗ്യ സംരക്ഷണമുണ്ടാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആശുപത്രികളിൽ പോയി മരുന്ന് വാങ്ങാൻ സാഹചര്യമില്ലാത്തവർക്ക് പകരം സംവിധാനമൊരുക്കാൻ നിരാമയ എന്ന പദ്ധതിയും കൊവിഡ് പോസിറ്റീവ് ആയവർ,​ നെഗറ്റീവായി രണ്ട് ആഴ്ചകൾക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി പുനർജ്ജനി എന്ന പദ്ധതിയും വിജയകരമായി നടക്കുന്നു.
കോവിഡ് നിരീക്ഷണത്തിൽ വീട്ടിലോ സർക്കാർ സ്ഥാപനങ്ങളിലോ കഴിയുന്ന വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ നാട്ടിലെത്തിയവർക്ക് അമൃതം പദ്ധതി വഴിയാണ് സൗജന്യ മരുന്നുകൾ നൽകി വരുന്നത്.

കർക്കടകമാസമായതിനാൽ പകർച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രാധാന്യം നൽകണം.അതിനാൽ കർക്കടകത്തിൽ ഉപയോഗിക്കേണ്ട പ്രത്യേക മരുന്നുകളും ഇപ്പോൾ ലഭ്യമാണ്
ചികിത്സയും നിർദ്ദേശവും മരുന്നുകളും സ്ഥാപനങ്ങളിൽ നിന്നും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 2 വരെ സൗജന്യമായി ലഭിക്കും.