തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ വെട്ടിച്ചെന്ന പരാതി ഉണ്ടായ ശേഷം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം പോയിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയതോടെ വെട്ടിച്ച രണ്ട് കോടി എവിടെ നിന്നാണ് പോയതെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം കടുക്കുന്നു.
പ്രത്യേക പദ്ധതിക്കുള്ള കളക്ടറുടെ ഫണ്ടിൽ നിന്നാണ് ജീവനക്കാരനായ ബിജുലാൽ വെട്ടിപ്പ് നടത്തിയത്. ഈ അക്കൗണ്ടിൽ നിന്ന് ഇയാൾ രണ്ട് കോടി തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ശേഷം അതിൽ നിന്ന് 60 ലക്ഷത്തിലധികം രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് കളക്ടറുടെ അക്കൗണ്ടിൽ നിന്ന് തന്റെ അക്കൗണ്ടിലേക്ക് മാറ്രിയ ഇടപാട് റദ്ദാക്കി.
സാധാരണ ഒരു ഇടപാട് നടത്തിയാൽ റദ്ദാക്കാനാവില്ല. രണ്ട് കോടി കളക്ടറുടെ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ഇതു പ്രകാരം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ തുക പോയിട്ടില്ല. തട്ടിപ്പുകാരന്റെ ഭാര്യയുടെ സ്വകാര്യ അക്കൗണ്ടിൽ പണം കിടക്കുകയും ചിലത് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ കളക്ടറുടെ അക്കൗണ്ടിൽ തിരിച്ചിട്ട രണ്ട് കോടി ഏത് പൂളിൽ നിന്നാണ് പോയത്?
ഇനി അഥവാ പണമെടുത്തയാൾ അത് തിരിച്ചടയ്ക്കാൻ തയ്യാറാവുമെന്നു കരുതുക. ഏത് അക്കൗണ്ടിലാണ് ഈ പണം തിരികെ നിക്ഷേപിക്കുക. പണം പോയിട്ടില്ലെന്ന് കളക്ടർ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്നം ഉദിച്ചത്.
മൂന്ന് തരത്തിലുള്ള ഫണ്ടാണ് സർക്കാരിനുള്ളത്. ഒന്ന് കൺസോളിഡേറ്രഡ് ഫണ്ട്, രണ്ട് പബ്ലിക് അക്കൗണ്ട്, മൂന്നു കണ്ടിൻജൻസി ഫണ്ട്. ഏത് ഫണ്ടിൽ നിന്നാണ് പണം പോയത് എന്ന് പറയാനാവില്ലെന്നാണ് ട്രഷറി അധികൃതർ പറയുന്നത്.
ഏത് ഫണ്ടിൽ നിന്നായാലും പണം പുറത്തേക്ക് പോകാൻ ഒരു ഇൻസ്ട്രുമെന്റ് ( ചെക്കോ ബില്ലോ) വേണം.
ഇനി ഓൺലൈൻ സമ്പ്രദായത്തിന്റെ ന്യൂനതയാണെങ്കിൽ വർഷങ്ങളായി ഈ സമ്പ്രദായം തുടങ്ങിയ ശേഷം എത്ര തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും എന്നും അന്വേഷിക്കേണ്ടിവരും.
സാധാരണയായി വിവിധ പദ്ധതികൾക്കായി ഓരോ വകുപ്പിനും പ്രത്യേകം ഹെഡ് ഒഫ് അക്കൗണ്ട് ഉണ്ടാക്കും.
ഈ പദ്ധതികൾക്ക് വേണ്ടി മാത്രമേ ഈ പണം പിൻവലിക്കാൻ കഴിയൂ. ഇങ്ങനെ ചെലവാക്കാത്ത പണം പല അക്കൗണ്ടുകളിൽ കിടക്കുന്നുണ്ടാകും. ഇവയുടെ റികൺസിലിയേഷൻ കൃത്യമായി ട്രഷറികളിൽ നടക്കുന്നുണ്ടോ എന്നതും മറ്രൊരു പ്രശ്നമാണ്.
പ്രതി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം ട്രഷറിയിലെ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ആ ഇടപാടിന്റെ രേഖകൾ ഡിലീറ്റ് ചെയ്തു. അതോടെ കളക്ടറുടെ അക്കൗണ്ടിൽ രണ്ട്കോടി രൂപ കുറവു വന്നത് പുന:സ്ഥാപിക്കപ്പെട്ടു. എന്നാൽ പ്രതിയുടെ അക്കൗണ്ടുകളിൽ കുറവു വന്നിട്ടില്ല. ഇത്തരമൊരു കണക്ക് ഒരിക്കലും പൊരുത്തപ്പെടില്ല. ഡേ ബുക്ക് ക്ലോസ് ചെയ്യാനാവില്ല. അങ്ങനെയാണ് തട്ടിപ്പ് പുറത്തുവന്നത്. എന്തുകൊണ്ട് ഇതിന് രണ്ടു ദിവസം വേണ്ടിവന്നു, 27 ന് കണക്ക് പൊരുത്തപ്പെടാതെയാണോ ട്രഷറി അടച്ചത്, അതോ അറിഞ്ഞിട്ടും മുകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്തതാണോ, ആരാണ് ഇതിന് ഉത്തരവാദി എന്നീ ചോദ്യങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരും.