wife-rent

കാറും വീടും കെട്ടിടവുമെല്ലാം വാടകയ്ക്ക് ലഭിക്കുന്ന രാജ്യത്ത് ഭാര്യയും വാടകയ്ക്ക്! ദിവസ വാടകയ്ക്കും മാസ വാടകയ്ക്കും ഭാര്യയെ നൽകുന്ന സമ്പ്രദായം. നെറ്റി ചുളിക്കുന്നവർ ഒന്നു കൂടി കേട്ടോളൂ, ഈ സംഗതി വേറെ എവിടെയുമല്ല ഇന്ത്യയിൽ തന്നെയാണ്. മദ്ധ്യപ്രദേശിലെ ശിവപുരിയിലെ ചില ഉൾനാടൻ ഗ്രാമങ്ങളിലാണ് ഈ വിചിത്ര സമ്പ്രദായം പ്രചാരത്തിലുള്ളത്. ഗ്രാമത്തിലെ പണക്കാർക്ക് കല്യാണം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്.

മുദ്രപേപ്പറിൽ എഴുതി തയ്യാറാക്കിയ കരാറിന്റെ പുറത്താണ് ഈ സമ്പ്രദായം നിലനിൽക്കുന്നതെന്നതാണ് വിരോധാഭാസം. ഇതിനായി ചന്തയോട് സാദൃശ്യമുള്ള സംവിധാനവും ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് പെൺകുട്ടികളെയും ഭാര്യമാരേയും ഇവിടെ വിൽപന ചരക്കാക്കുന്നു. ഒരിക്കൽ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പർ നൽകി മറിച്ച് വിൽക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്. ഇങ്ങനെ വാങ്ങുന്ന സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കുകയും കിടക്ക പങ്കിടുകയും ചെയ്യണമെന്നാണ് കരാർ. കരാർ കാലാവധി കഴിയുമ്പോൾ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാർ പുതുക്കാനും സാധിക്കും.

വർദ്ധിച്ച് വരുന്ന പെൺ ഭ്രൂണഹത്യ സ്ത്രീ, പുരുഷാനുപാതത്തിൽ കാര്യമായ രീതിയിൽ ബാധിക്കുന്നതാണ് ഇത്തരം കരാറുകളുടെ അടിസ്ഥാനമാകുന്നത്. മദ്ധ്യപ്രദേശിൽ മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും ഇത്തരം കരാറുകൾ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാസവരുമാനത്തിന്റെ പത്തിരട്ടി വരെ ഇത്തരം കൈമാറ്റത്തിലൂടെ ലഭിക്കുന്നതും പട്ടിണിപാവങ്ങളെ ഇത്തരം കച്ചവടത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിവുണ്ടെങ്കിൽ കൂടിയും പരാതിക്കാർ ഇല്ലാത്തതിനാൽ നിയമ നടപടികൾ ഉണ്ടാവാറില്ല. പക്ഷേ ഇവിടെയും ഇരകളാക്കപ്പെടുന്നത് ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളും സ്ത്രീകളുമാണ്.