കല്ലമ്പലം: കുടവൂർ വില്ലേജാഫീസിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിലെന്ന് കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു. നിലവിലുണ്ടായിരുന്ന വില്ലേജാഫീസർ ഒരുമാസത്തിന് മുൻപ് സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയിട്ടും പകരം വില്ലേജാഫീസറെ നിയമിച്ചില്ല. നിരവധി വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് വില്ലേജാഫീസറിൽ നിന്നും പുനർ വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ പെൻഷൻ ലഭിക്കാത്ത അവസ്ഥയാണ്. പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് നിർദ്ധനരായ ഭവനരഹിതർക്ക് തടസമായിരിക്കുകയാണ്. കൂടാതെ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകാനും കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതൊന്നും വില്ലേജാഫീസർ ഇല്ലാത്തതിനാൽ സമയത്ത് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

മടവൂർ വില്ലേജാഫീസർക്ക് കുടവൂരിലെ ചാർജുകൂടി നൽകിയിട്ടുണ്ടെങ്കിലും മടവൂർ വില്ലേജാഫീസിലെ തിരക്ക് മൂലം കുടവൂർ കൂടി ശ്രദ്ധിക്കുക പ്രയാസമാണെന്നാണ് വിലയിരുത്തൽ. എത്രയും വേഗം കുടവൂരിൽ പുതിയ വില്ലേജാഫീസറെ നിയമിച്ച് കാലതാമസം ഒഴിവാക്കണമെന്ന് മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.