sreedaran

തിരുവനന്തപുരം: ചരിത്രപണ്ഡിതനും കേരള യൂണിവേഴ്‌സിറ്റി മുൻ ചരിത്രവിഭാഗം റീഡറുമായ പേരൂർക്കട ഇന്ദിരാനഗർ 43-ൽ പ്രൊഫ. ഇ.ശ്രീധരന് (87) തലസ്ഥാന നഗരം വിട നൽകി. ഇന്നലെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു ചടങ്ങുകൾ. .

പാലക്കാട് ചെർപ്പുളശ്ശേരി ഇടമരത്തൊടിയാണ് തറവാട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെയാണ് എം.എ. നേടിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.ആർട്‌സ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ ചരിത്രാദ്ധ്യാപകനായിരുന്നു. ഹിസ്‌റ്റോറിയോഗ്രാഫി (ബി.സി. 500 മുതൽ 2000 വരെ) എന്ന ഗ്രന്ഥം ചരിത്രാദ്ധ്യാപകർക്കും ഗവേഷകർക്കുമിടയിൽ ശ്രദ്ധ നേടിയിരുന്നു. ഈ കൃതിയും 'എ മാനുവൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ച് മെത്തഡോളജി'എന്ന ഗ്രന്ഥവും വിവിധ ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. നെപ്പോളിയന്റെ ജീവചരിത്രവും രചിച്ചിട്ടുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലോകചരിത്രം (1500 മുതൽ 1950 വരെ) 17 പതിപ്പുകൾ പിന്നിട്ടു. രാജാ രവിവർമയെക്കുറിച്ചുള്ള ഏക വിഷയപ്രബന്ധവും പ്രാചീനഭാരതത്തിലെ ശാസ്ത്രീയതയുടെ തുടക്കം എന്ന പ്രബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രൊഫ. എ. ശ്രീധരമേനോൻ പുരസ്‌ക്കാരം, മികച്ച അദ്ധ്യാപകനുള്ള പ്രൊഫ. കൊച്ചുണ്ണിപണിക്കർ സ്മാരകപുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പുത്തേഴത്ത് സത്യ. മക്കൾ: എസ്.വിജയലക്ഷ്മി, എസ്. പദ്മനാഭൻ (ബിസിനസ്, ബംഗളൂരു). മരുമകൻ: പി.ജയകുമാർ (ചാർട്ടഡ് അക്കൗണ്ടന്റ്, ടി.കെ.മേനോൻ ആൻഡ് കോ, കോഴിക്കോട്).