തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ ആശങ്കയായി തേക്കുംമൂട് ബണ്ട് കോളനി. ഞെട്ടിക്കുന്ന രീതിയിലുള്ള കൊവിഡ് വ്യാപനമുള്ള ഇവിടെ 5 ദിവസം കൊണ്ട് 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കംമൂലം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെയും നഗരസഭയെയും കൂടുതൽ ആശങ്കയിലാക്കി. ഇടുങ്ങിയ വീടുകളുള്ള കോളനിയിലെ സാമൂഹ്യഅകലവും മറ്റും പ്രതിരോധത്തിന് പ്രധാന വെല്ലുവിളികളാണ്. കോളനിയിലെ ഒരു സ്ത്രീക്കാണ് രോഗ ലക്ഷണങ്ങളുണ്ടായതിനെ തുടർന്നുള്ള പരിശോധനയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 12 പേരെ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. മരണാന്തര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചടങ്ങിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണാന്തര ചടങ്ങിൽ പങ്കെടുത്ത 50ഓളം പേരെ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് ശ്രമം. കുടിവെള്ള പൈപ്പ് ഉപയോഗത്തിലൂടെയും കംഫർട്ട് സ്റ്റേഷനുകൾ വഴിയും രോഗ വ്യാപനമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പട്ടം കുന്നുകുഴി വാർഡുകളുടെ അതിർത്തിയിലാണ് ബണ്ട് കോളനി സ്ഥിതി ചെയ്യുന്നത്. 216 കുടുംബങ്ങളിലായി ഏകദേശം 600 പേരാണ് ഇവിടെയുള്ളത്. രോഗം സ്ഥിരീകരിച്ച 59 പേരിൽ 31 പേർ പട്ടം വാർഡിലും 28 പേർ കുന്നുകുഴി വാർഡിലുമാണ്. കൂടുതൽ പരിശോധനകൾ നടത്താനാണ് നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം.
കോളനിയിലെ പ്രധാന ക്രമീകരണങ്ങൾ
പ്രതികരണം
----------------------
ബണ്ട് കോളനിയിൽ രോഗം കൂടുതൽ പടരാതിരിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പരിശോധനകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം കർശന നിയന്ത്രണങ്ങൾ ഉറപ്പാക്കും. ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും
മേയർ കെ.ശ്രീകുമാർ
കംഫർട്ട് സ്റ്റേഷനുകൾ ഇടവിട്ട് അണുവിമുക്തമാക്കും. കോളനിയിൽ
വോളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്.
ഐ.പി.ബിനു, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ