വെട്ടിപ്പിനും തട്ടിപ്പിനും പഴുതുകളടയുമ്പോൾ അതിലേർപ്പെട്ടിരിക്കുന്ന വിരുതന്മാർ പുതു വഴികൾ തേടുന്നതു പതിവാണ്. റേഷൻ ധാന്യമായാലും വിദേശത്തു നിന്നുള്ള സ്വർണമായാലും കരിഞ്ചന്തയിലേക്കു ഒഴുകാൻ നിശ്ചിത വഴികളുണ്ട്. ഒരു വഴി അടയുമ്പോൾ പുതിയതൊന്ന് കണ്ടുപിടിച്ചിരിക്കും. സംസ്ഥാനത്ത് റേഷൻ സമ്പ്രദായം നിലവിൽ വന്ന 1960-കളിൽത്തന്നെ റേഷൻ വെട്ടിപ്പും പല നിലകളിൽ സജീവമായിരുന്നു. റേഷൻ ധാന്യങ്ങൾ മറിച്ചുവിറ്റ് ധാരാളം സമ്പാദിച്ചവർ അന്നും ഇന്നും ഉണ്ട്. ക്രമക്കേടുകൾ കണ്ടുപിടിച്ച് തടയേണ്ടവരുടെ ഒത്താശയോടെ തന്നെയാകും തിരിമറിയെന്നതിനാൽ അഭംഗുരം അതു നടന്നുവരികയായിരുന്നു. ഭക്ഷ്യഭദ്രതാ നിയമം പ്രാബല്യത്തിലായതും റേഷൻ വിതരണ സമ്പ്രദായമാകെ കമ്പ്യൂട്ടർവത്കൃതമാവുകയും ചെയ്തതോടെ ക്രമക്കേടുകൾ പലതും തടയാൻ കഴിയുന്നുണ്ട്. എങ്കിലും തീരെ ഇല്ലാതായിട്ടില്ലെന്നു വേണം റേഷൻ തട്ടിപ്പുമായി കൂടക്കൂടെ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ നിന്നു മനസിലാക്കാൻ. വെട്ടിപ്പിനും കരിഞ്ചന്തയ്ക്കും പിന്നിൽ സംഘടിതമായി പ്രവർത്തിക്കുന്ന ശൃംഖലയെ പൂർണമായും ഇല്ലാതാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പല രീതികളിൽ അതു തുടർന്നുകൊണ്ടിരിക്കുകയാണ്. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്കു പോകുന്ന ധാന്യം വഴിതിരിഞ്ഞ് സ്വകാര്യ ഗോഡൗണുകളിലേക്കു പോകുന്നതും ഇത്തരം ഗോഡൗണുകളിൽ നിന്ന് വൻതോതിൽ റേഷനരിച്ചാക്കുകൾ പിടികൂടുന്നതും പതിവു വാർത്ത തന്നെയാണ്. ഏറ്റവും ഒടുവിലായി വരുന്ന വാർത്തകൾ റേഷനരിയുടെ രൂപമാറ്റം സംബന്ധിച്ചുള്ളതാണ്. കാർഡുടമകൾക്കു വിതരണം ചെയ്യാൻ വേണ്ടി എഫ്.സി.ഐ ഗോഡൗണിൽ നിന്നു നൽകുന്ന നല്ലയിനം അരി സ്വകാര്യ ഗോഡൗണുകളിലെത്തിച്ച് മില്ലുകൾക്കു മറിച്ചു കൊടുക്കാറുണ്ട്. പകരം ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള നിലവാരം കുറഞ്ഞ അരിച്ചാക്കുകൾ റേഷൻ കടകളിലെത്തിച്ച് വിതരണം ചെയ്യുന്നു. മില്ലുകളിലെത്തുന്ന അരി ഒന്നുകൂടി രൂപമാറ്റം വരുത്തി ബ്രാൻഡ് പേരുകളിൽ പരസ്യ വിപണിയിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നു. മില്ലുകൾക്കു മാത്രമല്ല, ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കെല്ലാം ഒരുപോലെ ലാഭം കിട്ടുന്ന കച്ചവടമാണിത്. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും കിട്ടും ലാഭത്തിൽ ഒരു വിഹിതം. ഗോഡൗണുകളിൽ സൂക്ഷിക്കുന്ന അരി കുറെ നാൾ കഴിയുമ്പോൾ കേടാകുന്നത് സാധാരണമാണ്. ഉപയോഗശൂന്യമായ ഇത്തരം ധാന്യങ്ങൾ വിതരണം ചെയ്യാതെ മറ്റാവശ്യങ്ങൾക്ക് വക മാറ്റാറാണ് പതിവ്. തീരെ ഉപയോഗശൂന്യമായവ നശിപ്പിക്കും. ഉപയോഗിക്കാൻ പറ്റിയവയും ഉപയോഗശൂന്യമെന്ന പട്ടികയിൽ പെടുത്തി പുറത്തെത്തിച്ച് വിറ്റഴിച്ച് ലാഭം കൊയ്യാൻ ആളുകളുണ്ട്. ഈ കള്ളക്കച്ചവടത്തിനും ഉദ്യോഗസ്ഥ സഹായം കൂടിയേ തീരൂ.
എഫ്.സി.ഐയിൽ നിന്നു ലഭിക്കുന്ന മേൽത്തരം അരി റേഷൻ കടകളിലെത്തിക്കാതെ സ്വകാര്യ കരാറുകാരന്റെ ഗോഡൗണുകളിലേക്കു പോകാറുണ്ട്. ഇടയ്ക്കിടെ നടക്കുന്ന റെയ്ഡുകളിൽ അതു വെളിപ്പെടാറുമുണ്ട്. നല്ല അരിക്കു പകരം മോശം അരിയാകും ഇവിടെ നിന്ന് റേഷൻ കടകളിലെത്തുക. ഇവ റേഷൻ കടകളിലെത്തുമ്പോൾ ജനങ്ങളിൽ നിന്നും പരാതി ഉയരും. ഗുണമേന്മയുള്ള അരി റേഷൻ കടകളിലേക്കുള്ള യാത്രയ്ക്കിടയിൽ വഴിമാറിയത് പലപ്പോഴും കണ്ടെത്തണമെന്നില്ല.
സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ രണ്ടുമാസം മുൻപ് നശിപ്പിക്കാൻ ശുപാർശ ചെയ്ത 1892 ടൺ അരിയിൽ നല്ലൊരു ഭാഗം വൃത്തിയാക്കി ഉപയോഗിക്കാമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിവിൽ സപ്ളൈസിന്റെ തന്നെ പരിശോധനാ വിഭാഗമാണ് അരി പരിശോധിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ഭക്ഷ്യധാന്യ ഗോഡൗണുകളിൽ കേടായ അരി സ്റ്റോക്കുണ്ടെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. കാലിത്തീറ്റയുണ്ടാക്കാൻ പോലും പറ്റാത്ത 1892 ടൺ അരിയും 627 ടൺ ഗോതമ്പും നശിപ്പിക്കുകയല്ലാതെ വഴിയില്ലെന്നു വരുത്തി അതു കടത്താനുള്ള നീക്കമാണ് ഇപ്പോൾ പൊളിഞ്ഞത്. ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഇടപെടലാണ് കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സഹായകമായത്. വകുപ്പ് ശുദ്ധീകരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് റേഷൻ സമ്പ്രദായത്തെ പൊതിഞ്ഞു നിൽക്കുന്ന പല ക്രമക്കേടുകളും തടയാൻ കഴിഞ്ഞിട്ടുണ്ട്. റേഷൻ കടക്കാരുടെ ആവശ്യങ്ങളിൽ പലതും അംഗീകരിച്ചും റേഷൻ വിതരണത്തിൽ കൃത്യമായ ചിട്ടകൾ കൊണ്ടുവന്നും ഉപഭോക്താക്കളുടെ പരാതികളിൽ സത്വരം ഇടപെട്ടുമൊക്കെ ഭക്ഷ്യരംഗത്ത് പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലും വെട്ടിപ്പിനുള്ള പഴുതുകൾ ഇപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. ക്രമക്കേടുകൾക്കു പേരുകേട്ട ചില ഡിപ്പോകളിൽ ഇപ്പോഴും വൻതോതിൽ അതൊക്കെ നടക്കുന്നുണ്ട്. നശിപ്പിക്കാനായി ശുപാർശ ചെയ്യപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ഏറ്റവുമധികം സ്റ്റോക്കുണ്ടായിരുന്നത് നെടുമങ്ങാട് ഡിപ്പോയിലാണ്. സൂക്ഷ്മപരിശോധനയിൽ ഇവിടെ ഉള്ള 935 ടൺ അരിയിൽ 592 ടണ്ണും വൃത്തിയാക്കി ഉപയോഗിക്കാൻ സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യധാന്യ വിതരണം ഡിജിറ്റലൈസ് ചെയ്തത് ക്രമക്കേടുകൾ പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഗോഡൗണുകളിൽ നിന്ന് ധാന്യം കയറ്റി റേഷൻ കടകളിൽ എത്തുന്നതുവരെ നിരീക്ഷണ സംവിധാനം ഉണ്ടെന്നാണ് വയ്പ്. ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കു ജോലി ഏറ്റെടുക്കുന്ന വാഹനങ്ങളിൽ നിർബന്ധമായും ജി.പി.എസ് സംവിധാനം സ്ഥാപിക്കണമെന്നു വ്യവസ്ഥയുള്ളതാണ്. അത് കൃത്യമായി പാലിക്കാറില്ലെന്നതിനു തെളിവാണ് സ്വകാര്യ ഗോഡൗണുകളിലെ പഴയ അരി സ്റ്റോക്കിന്റെ വലിപ്പം.
സിവിൽ സപ്ളൈസ് വകുപ്പിൽ പരിശോധനാ നിരീക്ഷണ സെല്ലുകൾ കൂടുതൽ ശക്തമാക്കണമെന്ന സന്ദേശമാണ് ധാന്യക്കടത്തിലെ തി രിമറികൾ ഓർമ്മിപ്പിക്കുന്നത് .വിജിലൻസ് വിഭാഗവും പൂർവാധികം ശക്തമാകേണ്ടതുണ്ട്. റേഷൻ കടകളിൽ നിന്ന് തങ്ങൾക്കു ലഭിക്കുന്ന ധാന്യം മോശമാണെങ്കിൽ അതു ചൂണ്ടിക്കാട്ടി പരാതി നൽകാൻ കാർഡുടമകളും തയ്യാറാകണം. എന്നാൽ മാത്രമേ ക്രമക്കേടുകൾ അപ്പപ്പോൾ കണ്ടുപിടിക്കാനാവൂ. ഉപഭോക്താക്കളുടെ ശക്തമായ ഇടപെടലുകളിലൂടെ മാത്രമേ ഈ രംഗത്ത് നടമാടുന്ന ക്രമക്കേടുകൾക്കും ദുഷ്പ്രവണതകൾക്കും വിരാമമിടാനാവൂ. റേഷൻ ആരുടെയും ഔദാര്യമല്ലെന്നും നിയമപരമായ അവകാശമാണെന്നും ഉപഭോക്താക്കൾ സദാ ഓർക്കേണ്ടതാണ്. അതു നിഷേധിക്കാനോ ക്രമക്കേടു കാണിച്ച് വഞ്ചിക്കാനോ ആരെയും അനുവദിക്കരുത്.