shopping-mal

കഴക്കൂട്ടം: കാത്തിരിപ്പ് അവസാനിപ്പിച്ച്, പുതു പ്രതീക്ഷയുമായി മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ആധുനിക ഷോപ്പിംഗ് സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരം നേടി വികസന തേരോട്ടം നടത്തുന്ന മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്നതാകും ഈ ഷോപ്പിംഗ് കോംപ്ളക്‌സ്.

മാൾ ഇവിടെ

ദേശീയപാതയിൽ മംഗലപുരം ജംഗ്ഷനിൽ പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക ഷോപ്പിംഗ് മാൾ പണിയുന്നത്. 40 വർഷങ്ങൾക്കു മുമ്പ് കെട്ടിയ ഷോപ്പിംഗ് സെന്ററാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിൽനിന്ന് 10,000 രൂപാ പോലും വാടക ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എന്നാൽ, ആധുനിക ഷോപ്പിംഗ് മാൾ വരുന്നതോടെ വാടകയിനത്തിൽ മാത്രം പ്രതിമാസം അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നഗരത്തിനോട് ചേർന്ന പ്രദേശമായ ഇവിടെ നിന്ന് ഐ.ടി കേന്ദ്രമായ ടെക്നോപാർക്കിലേക്ക് അഞ്ച് കിലോമീറ്റർ മാത്രം. മാത്രമല്ല ടെക്നോസിറ്റി, ബയോ - സയൻസ് പാർക്ക്‌ തുടങ്ങിയ പദ്ധതികൾ, മെട്രോ റെയിൽ പദ്ധതി തുടങ്ങുന്നയിടം, വിഴിഞ്ഞം തുറമുഖത്ത് നിന്നാരംഭിക്കുന്ന ഔട്ടർ കോറിഡോർ വന്നുചേരുന്ന ജംഗ്ഷൻ എന്നീ പ്രത്യേകതകളും ഈ സ്ഥലത്തിന് സ്വന്തം. നടപ്പു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം ചെലവിട്ടാണ് കെട്ടിടത്തിന്റെ പ്ലാൻ വരച്ചത്.

ഷോപ്പിംഗ് മാളിനടിയിൽ മത്സ്യഫെഡിന്റെ ആധുനിക മാർക്കറ്റും പാർക്കിംഗ് സൗകര്യവും വരും - വേങ്ങോട് മധു, പഞ്ചായത്ത് പ്രസിഡന്റ്