പാലോട്: ആനയും കാട്ടുപോത്തും പന്നിയും ഉൾപ്പെടെയുള്ള വന്യമൃഗ ശല്യം, അന്നത്തിനുള്ള സൗജന്യ റേഷൻ വാങ്ങാൻ ടൗണിൽ പോകണമെങ്കിൽ 800 രൂപയിലധികം ജീപ്പിന് നൽകണം, വാതിൽ പോലുമില്ലാത്ത കമ്പുകളും മരത്തടികളും ടാർപോളിൻ കഷ്ണങ്ങളും കൊണ്ട് തട്ടിക്കൂട്ടിയ കൂര, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കിലോമീറ്ററുകളോളം നടക്കണം, കുടിവള്ളം എത്തിക്കുന്നത് കാട്ടരുവിയിൽ നിന്ന്.... പഠിക്കാൻ മിടുക്കരായ ഇലഞ്ചിയം മലഞ്ചെരുവിലെ രണ്ട് പെൺകുട്ടികളുടെ ജീവിത കാഴ്ചകളാണിത്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പല മേഖലയിലെയും പട്ടിണി മാറുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴിയുകയാണ് ഈ കുട്ടികൾ ഉൾപ്പെടുന്ന കിഴക്കുംകര കുന്നുംപുറത്ത് വീട്ടിലെ അഞ്ചംഗ കുടുംബം. എങ്ങനെയെങ്കിലും പഠിച്ച് വലുതാകണമെന്നും അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കണമെന്നുമാണ് പെരിങ്ങമ്മല ഇക്ബാൽ എച്ച്.എസിലെ എട്ടാം ക്ലാസുകാരി ദേവികയുടെയും ആറാം ക്ലാസുകാരി ദേവുവിന്റെയും ആഗ്രഹം.
അച്ഛൻ പണിയില്ലാതെ തിരികെ വരുമ്പോൾ പട്ടിണി കിടക്കാൻ തയ്യാറാണെന്ന് ഇവർ പറയും. ഈ ദിവസങ്ങളിൽ കുട്ടികൾ ഈറച്ചീളുകളിൽ ഒരുക്കുന്ന കുഞ്ഞുപെട്ടികളും കരകൗശലവിദ്യകളേയും പ്രോത്സാഹിപ്പിക്കാൻ അമ്മ രജിത്രയും അച്ഛൻ വിനോദും കൂടെയുണ്ടാകും. ഈ സാധനങ്ങൾ പെരിങ്ങമ്മല ടൗണിൽ കൊണ്ട് പോയി വിറ്റാൽ കുറച്ച് പൈസ കിട്ടും ഈ കുടുംബത്തിന്. ഞാറനീലിയിൽ നിന്ന് പത്ത് കിലോമീറ്ററോളം ദൂരം സ്വകാര്യ ജീപ്പ് മാത്രമാണ് ഇവർക്കാശ്രയം. സർക്കാരിന്റെ സൗജന്യ റേഷൻ മാത്രമാണ് ഈ വീട്ടിലെ അടുപ്പ് പുകയ്ക്കുന്നത്.
പത്താം ക്ലാസിൽ പഠനം നിറുത്തിയ സഹോദരൻ മിഥുൻരാജ് ചെറിയ ജോലികൾക്ക് പോകുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം വിനോദിന് പണിയുണ്ടായിരുന്നത് 3 ദിവസം മാത്രം. ഒരു മൊബൈൽ ഫോണോ ടിവിയോ ഉണ്ടായിരുന്നെങ്കിൽ ഒാൺലൈനായി പഠിക്കാമായിരുന്നെന്ന് രണ്ടു പേരും സങ്കടത്തോടെ പറയുന്നു. ഈ പ്രദേശം നിറയെ പാറ ആയതിനാൽ കിണർ കുഴിക്കാനാകില്ല. കുടിവെള്ളം വീട്ടിലെത്തിക്കുന്നത് കിലോമീറ്ററുകൾക്കകലെയുള്ള കാട്ടരുവിയിൽ നിന്നാണ്. ചെറിയ പൈപ്പിലൂടെ എത്തിക്കുന്ന വെള്ളം വീടിനോട് ചേർന്ന് ടാർപ്പോളിൻ ഇട്ട് മൂടിയ കുഴിയിൽ നിറച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള ബാത്ത് റൂമിന് കാട്ടുപാതയിലൂടെ 2 കിലോമീറ്റർ അകലെ ഒരു ബന്ധുവിന്റെ വീട്ടിൽ പോകണം. കൃഷി ചെയ്ത് ജീവിക്കാൻ വന്യമൃഗങ്ങൾ അനുവദിക്കില്ല. അധികാരികളുടെ ശ്രദ്ധ പതിയാത്തതിനാൽ ഇവരുടെ ദുരിതം തുടരുകയാണ്...
കുടിൽ പൊളിക്കൽ
ഹരമാക്കി ആനകൾ
കാടിനോട് ചേർന്നാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവരുടെ കുടിൽ. ചുറ്റും ആൾ താമസമില്ലാത്ത സ്ഥലത്തെ ഈ കുടിലും കുടിലിനുള്ളിലെ ജീവിതങ്ങളും പുറംലോകം അറിഞ്ഞിട്ടില്ല. വന്യമൃഗങ്ങളെ കാണുമ്പോൾ പേടിച്ചരണ്ട് കുട്ടികൾ ഒളിച്ചിരിക്കും. ചില ദിവസങ്ങളിൽ മൃഗങ്ങളുടെ ക്രൂരത കുടിലിനോടാവും. പിന്നെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലാണ് താമസിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് കുടിലിനെ മാറ്റിയെടുക്കുന്നത്. മഴ പെയ്യുമ്പോൾ കുടിലിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം കണ്ട് ഇവർ വിറങ്ങലിച്ചു നിൽക്കും.