karkkadaka-kanji

നമ്മുടെ രോഗപ്രതിരോധ ശേഷിയും, ദഹന ശേഷിയും വളരെ കുറഞ്ഞിരിക്കുന്ന കാലമാണ് കർക്കടകം.അതിനാൽ രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യം സംരക്ഷിച്ച് മുന്നോട്ടു പോകുന്നതിനും വളരെയേറെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണിത്. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ വേണം കർക്കടകത്തിൽ കഴിക്കാൻ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആയുർവേദ മരുന്നുകൾ കഴിക്കാനും ഉത്തമമായകാലമാണ്.

എരിവ്, പുളി എന്നിവ മിതപ്പെടുത്താനും ആഹാരം ചൂടോടെ കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പുകാലമായതിനാൽ പൊതുവെ വാത രോഗങ്ങൾ കൂടി വരാൻ സാദ്ധ്യതയുണ്ട്. മഴകാരണം വസ്ത്രങ്ങൾ നനയാൻ സാദ്ധ്യതയുള്ളതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് അസുഖങ്ങളെ കരുതിയിരിക്കണം.

ആഹാരമായാലും ഔഷധമായാലും ഓരോ വ്യക്തിയുടെയും ദഹനശേഷിക്ക് അനുസൃതമായിവേണം ഉപയോഗിക്കാൻ.

ഔഷധക്കഞ്ഞി

നെല്ലരി, എള്ള്, ജീരകം, കരിംജീരകം, മഞ്ഞൾ, ആമേദകം, ആശാളി, കുരുമുളക്, തേങ്ങ, വെളുത്തുള്ളി, ഇന്തുപ്പ് എന്നിവ ചേർത്ത് കഞ്ഞിയുണ്ടാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. കഞ്ഞി ഉണ്ടാക്കിയതിനു ശേഷം അതിന് ചെറിയ ഉള്ളി നെയ്യിൽ മൂപ്പിക്കുക. ഈ മരുന്നുകൾ എല്ലാം കിട്ടിയില്ലെങ്കിൽ മൂന്നോ നാലോ കിട്ടുന്ന മരുന്നുകൾ ചേർത്തും കഞ്ഞി ഉണ്ടാക്കാം.

ഉലുവക്കഞ്ഞി

ഉലുവ പൊടിച്ച് ചെന്നല്ലരി ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിക്കുക. ഇത് പ്രമേഹം, കൊളസ്ട്രോൾ എന്നിവ ശമിക്കാൻ നല്ലതാണ്.

പത്തിലക്കഞ്ഞി

നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന ഇലകൾ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതാണ് പത്തിലക്കഞ്ഞി. മഞ്ഞൾ, കുമ്പളം, തഴുതാമ, ചേമ്പ്, ചേന എന്നിവയുടെ താളുകൾ, പയർ, പെന്നാവിരം, തകര,ചീല. ആടലോടകം എന്നിവ അരച്ച് ചേർത്ത് അതിൽ ചെന്നല്ലരി ഇട്ട് വേവിച്ച് ചുക്ക്, കുരുമുളക് എന്നിവ ചേർത്ത് തേങ്ങാപ്പാൽ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

ഔഷധ സൂപ്പുകൾ

പയർ വർഗങ്ങൾ ചേർത്തുണ്ടാക്കുന്ന സൂപ്പുകൾ കർക്കടകത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുപയർ ആണ് ഉത്തമം. ചെറുപയർ, മുതിര, കായപ്പൊടി (അര ടീസ്പൂൺ), ഇഞ്ചി എന്നിവ കുക്കറിൽ വേവിച്ച് ഇളംചൂടോടെ അര സ്പൂൺ കുരുമുളക് ചേർത്ത് കഴിക്കുക.

മലർക്കഞ്ഞി

എളുപ്പത്തിൽ ദഹിക്കാൻ പര്യാപ്തമായ കഞ്ഞിയാണ് മലർക്കഞ്ഞി.

10 ഗ്രാം മലർ 6 ഇരട്ടി വെള്ളത്തെ അര ആക്കി വറ്റിച്ച് ചുക്ക്, തിപ്പലി എന്നിവ ചേർത്ത് സൂപ്പാക്കി എടുത്ത് കഴിക്കുക.

കേരളീയർക്ക് സാദ്ധ്യമായ ആഹാരമാണ് കഞ്ഞി. അതുപോലെ തന്നെ ഒരേ സമയം ആരോഗ്യവും ഔഷധവുമായി ഇത് ഉപയോഗിക്കാം. പ്രമേഹമുള്ളവർ കഞ്ഞിയുടെ കൂടെ ഉലുവ, ചെറുപയർ എന്നിവ ചേർത്തും, കൊളസ്ട്രോൾ സംബന്ധമായ അസുഖമുള്ളവർ തഴുതാമ, ഉലുവ, മുതിര എന്നിവ ചേർത്തും ശ്വാസകോശ രോഗസംബന്ധമായ അസുഖം ഉള്ളവർ ജീരകം, ചുക്ക്, കുറുന്തോട്ടി എന്നിവ ചേർത്തും കഞ്ഞി ഉപയോഗിക്കാവുന്നതാണ്.

ഷഡംഗ പാനീയം

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വളരെ ഉത്തമമായ മരുന്നാണ് ഷഡംഗ പാനീയം. ഷഡംഗ ചൂർണം 10 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

ഷഡംഗ പാനീയം കഴിക്കുന്നതിനോടൊപ്പം തന്നെ അപരാജിത ധൂപചൂർണം ഉപയോഗിച്ച് വീടിനകം പുകയ്ക്കുന്നതും നല്ലതാണ്. ഇത് പകർച്ചപ്പനികൾക്കും, പലവിധ ബാക്ടീരിയകൾ, ഫംഗസ് രോഗങ്ങൾക്കും ഫലപ്രദമാണ്.

ഡോ. ഷിനി എസ്. (എം.ഡി. ആയുർവേദം.)

ജില്ലാ കൺവീനർ,​ ജില്ലാ പ‌കർച്ചരോഗ നിയന്ത്രണ വിഭാഗം

(ആയുർവേദ),​ തിരുവനന്തപുരം

ഫോൺ : 94472 81344.