sreechithra

തിരുവനന്തപുരം:കൊവിഡ് കാലത്ത് സ്കൂളിൽ പോകാൻ പറ്റുന്നില്ലെങ്കിലും 'പഠനത്തിൽ നോ കോംപ്രമൈസ്' എന്ന നയമാണ് ശ്രീചിത്ര പുവർ ഹോമിലെ വിദ്യാർത്ഥികൾക്ക്. കൃത്യമായ സമയക്രമങ്ങളോടെയാണ് മൂന്നാം ക്ലാസ് മുതൽ ഡിഗ്രി അവസാന വർഷം വരെയുള്ള നൂറോളം വിദ്യാർത്ഥികൾ പഠനം തുടരുന്നത്. സ്കൂൾ തലത്തിലുള്ളവർക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസും പുറമേ ക്ലാസ് അദ്ധ്യാപകർ നൽകുന്ന ഗൃഹപാഠവും ചെയ്യണം. കോളേജ് വിദ്യാർത്ഥികൾക്ക് അതത് അദ്ധ്യാപകരുടെ ക്ലാസുകളുണ്ട്. എല്ലാത്തിനും മേൽനോട്ടം വഹിച്ച് സൂപ്രണ്ട് കെ.കെ. ഉഷയും ജീവനക്കാരുമുണ്ട്.

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ആരംഭിച്ച കാമ്പെയിൻ വഴി സമാഹരിച്ച ടി.വി, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ചാണ് പഠനം. ഇങ്ങനെ 12 കമ്പ്യൂട്ടറും ആറ് ടിവിയും ഹോമിന് ലഭിച്ചതിനാൽ സൗകര്യങ്ങൾക്ക് കുറവ് വന്നില്ല.

പഠനത്തിന് പുറമേ കളികളും വിശ്രമവേളകളുമൊക്കെയായി അടിച്ചുപൊളിച്ചാണ് ഇവരുടെ കൊവിഡ് കാലം. ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനിയും ബിരുദ വിദ്യാർത്ഥികളൊക്കെയുമുണ്ട് ഇക്കൂട്ടത്തിൽ. 200 അന്തേവാസികളിൽ 150 പേരും വിദ്യാർത്ഥികളാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇവരിൽ അൻപതോളം പേർ സ്വന്തം വീടുകളിലോ ബന്ധുവീടുകളിലേക്കോ മടങ്ങി. സ്കൂൾ തുറക്കുന്ന ഘട്ടത്തിൽ ഇവർ മടങ്ങിയെത്തും.എസ്.എസ്.എൽ.സി പരീക്ഷയിൽ ഇവിടത്തെ 17 വിദ്യാർത്ഥികളും വിജയിച്ചിരുന്നു.

''

ഒന്ന്, രണ്ട് ക്ലാസിലെ ചെറിയ കുട്ടികൾ നിലവിൽ അവരുടെ വീടുകളിലോ ബന്ധുവീടുകളിലോ ആണുള്ളത്. പഠിക്കാൻ എല്ലാവർക്കും നല്ല താത്പര്യമാണ്. സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെങ്കിലും ക്ലാസ് മുറികൾക്ക് സമാനമായി ഓരോ ക്ലാസിലെയും കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നൽകുന്നുണ്ട്.


- കെ.കെ. ഉഷ, സൂപ്രണ്ട്