agri

കിളിമാനൂർ: പച്ചപ്പണിഞ്ഞ പാടങ്ങൾക്ക് മേൽ കാർമേഘം ഇരുളുമ്പോൾ കർഷകന്റെ നെഞ്ചിടിപ്പ് കൂടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അനുകൂല കാലാവസ്ഥയിൽ തരിശ് നിലം ഉൾപ്പെടെ കൃഷി ചെയ്ത കർഷകരും പഞ്ചായത്തുമൊക്കെയാണ് മഴപ്പേടിയിലായിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രളയം കാരണം വൈകി കൃഷിയിറക്കിയ ഒന്നാംവിള ഇത്തവണ യഥാസമയം തന്നെ ഇറക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു കർഷകർ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന തോരാത്ത മഴ കർഷകനെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മിക്ക വയലുകളും വെള്ളത്തിലായി. ഇത്തരത്തിൽ വെള്ളം കെട്ടി നിന്നാൽ ഞാറ് അഴുകുന്നതിന് കാരണമാകുമെന്ന് കർഷകർ പറയുന്നു. കൊവിഡിന് ശേഷം വന്നേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂമിയിൽ നെൽകൃഷി ചെയ്ത പ്രദേശമാണ് കിളിമാനൂർ. നെൽകൃഷി മാത്രമല്ല മറ്റ് വിളകളുടെ കാര്യത്തിലും ഒന്നാമതായിരുന്നു.