പാലോട്: നന്ദിയോട് പഞ്ചായത്തിലെ നന്ദിയോട്, പച്ച, പാലോട് തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹ്യാകലവും മാസ്ക് ധരിക്കലും പാലിക്കാതെ സർക്കാർ നിർദ്ദേശങ്ങൾ പാടേ അവഗണിക്കുന്നതായി പരാതി. ഉന്നത വിദ്യാഭ്യാസത്തിനായും സർക്കാർ പദ്ധതികൾക്കായും ഓൺലൈൻ രജിസ്ട്രേഷനെത്തുന്ന കുട്ടികളും രക്ഷാകർത്താക്കളും ഉൾപ്പെടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. പച്ച ജംഗ്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിലും 65 വയസ് കഴിഞ്ഞവരുൾപ്പെടെ കൂട്ടം കൂടുന്നുവെന്ന പരാതിയുമുണ്ട്. നവോദയ വാർഡിലെ കൊവിഡ് രോഗി ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ആളായതിനാൽ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുകയെന്നത് ഏറെ ദുഷ്കരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. നന്ദിയോട്, പച്ച, ഫാം ജംഗ്ഷൻ, പൊട്ടൻചിറ എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ചില കടകളിലും ഇയാൾ എത്തിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയുടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ വനത്തിലേക്ക് ഓടി ഒളിച്ചിരുന്നു. പാലോട് പൊലീസും ഫയർഫോഴ്സ് ജീവനക്കാരും ചേർന്ന് കഠിനപ്രയത്നം നടത്തിയാണ് ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പാലോട് സി.ഐ ഉൾപ്പെടെ നാല് പൊലീസുകാർ ക്വാറന്റൈനിലാണ്. ഈ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവരുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ വാർഡിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും ക്വാറന്റൈയിനിലാക്കിയിട്ടുണ്ട്. ഇവരുടെ ആന്റിജൻ ടെസ്റ്റ് നാളെ നടക്കും. ഇടിഞ്ഞാർ വാർഡ് പൂർണമായും അടച്ചിരിക്കുകയാണ്. കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെയുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലും എത്തുന്നവർ പേര് മേൽവിലാസം, ഫോൺ നമ്പർ, തീയതി, സമയം എന്നിവ രേഖപ്പെടുത്തണമെന്ന് പാലോട് പൊലീസ് അറിയിച്ചു.