vij

തിരുവനന്തപുരം: നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചങ്ങലപ്പൂട്ട് വീണതോടെ, പല്ലുകൊഴിഞ്ഞ സിംഹമായി മാറി വിജിലൻസ്. കൊടും അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവാത്ത ഗതികേട്.

പാർലമെന്റ് പാസാക്കിയ അഴിമതി നിരോധ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. സർക്കാർ ഓഫീസുകളിലെ ചെറിയ കൈക്കൂലി ചാടിവീണ് പിടിക്കുന്നതല്ലാതെ, കാര്യമായ പണിയില്ല. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി വിജിലൻസ് ആസ്ഥാനം മാറി.

 അപേക്ഷകൾ ചവറ്റുകൂനയിൽ

അന്വേഷണത്തിന് അനുമതി തേടിയുള്ള വിജിലൻസിന്റെ അപേക്ഷകളുടെ സ്ഥാനം സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലാണ്. സമീപകാലത്ത് അനുമതി കിട്ടിയത് രണ്ട് മുൻ മന്ത്രിമാർക്കും ലീഗ് എം.എൽ.എയ്ക്കുമെതിരായ കേസിന് മാത്രം. പാലാരിവട്ടം കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞ്, അനധികൃത സ്വത്ത് കേസിൽ വി.എസ്.ശിവകുമാർ, പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജി എന്നിവർക്കെതിരെ നീങ്ങാനായിരുന്നു അനുമതി. തമിഴ്നാട്ടിലെ ഭൂമി വരുമാന സത്യവാങ്മൂലത്തിൽ കാട്ടാത്തതിന് ഡി.ജി.പി ഡോ. ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ അനുവദിച്ചു. പരാതികളിൽ ഗവർണർ 90 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. പരാതികളും അപേക്ഷകളും പൂഴ്‌ത്തുകയാണ് പതിവ്.

അനുമതി നിഷേധിച്ചത്

 കെ.ടി.ജലീൽ

ഇന്റർവ്യൂവിൽ പങ്കെടുക്കാത്ത ബന്ധുവിനെ ന്യൂനപക്ഷവികസന ധനകാര്യ കോർപറേഷൻ ജനറൽമാനേജരാക്കിയത് സംബന്ധിച്ച കേസ്. സ്വജനപക്ഷപാതവും ഔദ്യോഗിക പദവി ദുരുപയോഗവും ഉൾപ്പെട്ട കേസ് വിജിലൻസ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന സർക്കാർ നിലപാടോടെ, ഗവർണറും അനുമതി നിഷേധിച്ചു. മാർക്ക്ദാന പരാതിയിൽ, മന്ത്രി അദാലത്തിൽ പങ്കെടുത്തതിനെ ഗവർണർ വിമർശിച്ചെങ്കിലും വിജിലൻസ് അന്വേഷണമില്ല.

 ടോംജോസ്

പമ്പാ ത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയും നീക്കി കരാറുകാർക്ക് കൊള്ള ലാഭമുണ്ടാക്കാനുള്ള നടപടികളിൽ അന്വേഷണത്തിന് അനുമതിയില്ല. ഡാമുകളിലെ ആയിരം കോടിയുടെ മണൽ വാരി വിപണിയിൽ വിറ്റഴിക്കാനുള്ള കരാർ ടെൻ‌ഡറില്ലാതെ റഷ്യൻ മലയാളിയുടെ കമ്പനിക്ക് നൽകാൻ ശ്രമിച്ചതിലും കണ്ണടച്ചു.

 വിശ്വാസ് മേത്ത

മുഖ്യമന്ത്രിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെ റീ-ബിൽഡ് കേരളയുടെ പ്രളയ പ്രതിരോധ പദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫയലിലെഴുതിയതിലും അന്വേഷണമില്ല.

ബെവ്ക്യൂ

ആപ്പ് നിർമ്മാണക്കരാറിൽ സ്വജനപക്ഷപാതമുണ്ടെന്നും വൈദഗ്ദ്ധ്യമില്ലാത്ത കമ്പനിയെ ചുമതലപ്പെടുത്തിയതിൽ അഴിമതിയുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണമില്ല.

 ഇ-വാഹനം

സർക്കാർ തീരുമാനമെടുക്കും മുൻപ് ഇ-വാഹന നിർമ്മാണത്തിന് സ്വിസ് കമ്പനിയുമായി ധാരണപത്രം കൈമാറിയ ഗതാഗതസെക്രട്ടറിക്കെതിരെ അന്വേഷണമില്ല.

മിന്റിനെയും തൊടാതെ

ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മിന്റ് കൺസൾട്ടൻസി നിയമനങ്ങൾ നടത്തിയതിലും അന്വേഷണമില്ല. കിൻഫ്രയുമായുള്ള കരാറിന്റെ മറവിലുള്ള നിയമനങ്ങൾ കേരളകൗമുദി പുറത്തുകൊണ്ടു വന്നിരുന്നു.

ശിവശങ്കർ

ഐ.ടി വകുപ്പിലെ വഴിവിട്ട നിയമനങ്ങളിലും അന്വേഷണമില്ല. യോഗ്യതയില്ലാത്ത സ്വപ്നയെ ഒരു ലക്ഷത്തിലേറെ ശമ്പളത്തിൽ പ്രോജക്ട് മാനേജരായി നിയമിച്ച് 12 മാസം ശമ്പളം നൽകി. നിയമനം നടത്തിയത് ശിവശങ്കറാണെന്ന് കണ്ടെത്തിയിരുന്നു.