utharam

പഴഞ്ചൊല്ലുകൾ പടച്ചട്ടയാകുന്ന കാലമാണിത്. 'ഉപ്പ് തിന്നവൻ വെള്ളം കുടിക്കു"മെന്നല്ലെ പറയുന്നത്. അടിതട പോലെ ഇൗ പഴഞ്ചൊല്ല് കിടന്നുവിലസുന്നു. ഉത്തരം മുട്ടുമ്പോൾ പഴഞ്ചൊല്ലെന്ന ഇൗ 'പൂഴിക്കടകൻ" എടുത്തു പ്രയോഗിക്കപ്പെടും.

ഇന്നല്ലേൽ നാളെ എല്ലാം പുറത്തുവരും. കടത്തും കള്ളക്കടത്തും കൈക്കൂലിയും തീവ്രവാദ ബന്ധവും ഒക്കെ. അന്ന് 'ഞാനത് നേരത്തെ പറഞ്ഞതാണ്" എന്ന വചനം കൊണ്ടുപിടിച്ചുനിൽക്കാനാവില്ല.

ഉപ്പ് തിന്നവർക്കെതിരെ കുറെ മുഷ്ടികൾ ഉയർത്തിയില്ലെ പണ്ട്. വെറും കട്ടൻകാപ്പിയുടെയും മുറി ബീഡിയുടെയും ബലത്തിൽ. അന്നതിനൊരു ആവേശമുണ്ടായിരുന്നു. അല്ലെ. 'തീപ്പെട്ടിയുണ്ടോ സഖാവെ ഒരു ബീഡി എടുക്കാൻ" എന്ന് പലരും പലരീതിയിൽ പറഞ്ഞുകേട്ടു. തെരുവിൽ. വെള്ളിത്തിരയിൽ. ഒാർമ്മയിലതു കൊണ്ടുനടക്കുന്നു, പലരും. ആവേശമായി. പക്ഷേ അവരും ഇപ്പോൾ മിണ്ടുന്നില്ല. ഉത്തരം മുട്ടുമ്പോൾ പഴഞ്ചൊല്ലും ഇടതുവശം ഇരുന്നമർന്ന് ഒഴിഞ്ഞുമാറലും ഒക്കെയായി നാളുകൾ ഒഴിയുന്നു.

ഉത്തരം പറയാൻ പറ്റാതെ പോയ ഒരു സിംഗിന്റെ കഥ കേട്ടിട്ടുണ്ട്. മൂന്നുപേർ കഥാപാത്രങ്ങൾ. ഒരാൾ റഷ്യക്കാരൻ. മറ്റൊരാൾ അമേരിക്കക്കാരൻ. പിന്നെ ഒരു ഇന്ത്യൻ സിംഗും. സ്ഥലം മോസ്‌കോ. സ്വന്തം നാടിന്റെ പഴയകാല ശാസ്ത്ര വളർച്ചയായിരുന്നു വിഷയം. റഷ്യക്കാരൻ തുടങ്ങി.

'മോസ്ക്കോയിലെ ഒരു റോഡ് വക്ക് ഒരിക്കൽ കുഴിച്ചു. പത്ത് - പന്ത്രണ്ടടി താഴെ ചെന്നപ്പം കുഴിയുടെ വക്കിലൂടെ കമ്പി വലിച്ചു നീട്ടികൊണ്ടു പോയിരിക്കുന്നു."

റഷ്യക്കാരൻ അഭിമാനത്തോടെ തുടർന്നു:

'ദാ. കണ്ടോ. റഷ്യയിൽ പണ്ടുകാലം തൊട്ടേ ടെലഫോൺ സമ്പ്രദായമുണ്ടായിരുന്നു."

കേട്ടുനിന്ന അമേരിക്കക്കാരനും വിട്ടില്ല.

'വാഷിംഗ്‌ടണിലെ ഒരു നദിക്ക് ആഴം കൂട്ടി. അപ്പോൾ നദിക്കടിയിലൂടെ 'കേബിൾ" വലിച്ചിരിക്കുന്നു. എത്രകാലം മുതലേ അമേരിക്കയിൽ ടെലികമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നു. റഷ്യയിലെപ്പോലെ കമ്പി വലിച്ചല്ലായിരുന്നു. 'കേബിൾ" സാക്ഷാൽ കേബിൾ ആണ് അന്ന് ഉപയോഗിച്ചത്.

ഇന്ത്യക്കാരൻ സിംഗ് വിടുമോ. സിംഗ് ചോദിച്ചു:

'മോഹൻജദാരോ, ഹാരപ്പ എന്നൊക്കെ കേട്ടിട്ടുണ്ടോ. പണ്ട് അവിടം കുഴിച്ചു. കുറെ ആഴത്തിൽ കുഴിച്ചു. അവിടെ കമ്പിയും കണ്ടില്ല. കേബിളും കണ്ടില്ല. എന്താ കാര്യം. അന്നേ ഇന്ത്യയിൽ സെൽഫോൺ ഉണ്ടായിരുന്നു."

പിന്നെ ആരും മിണ്ടിയില്ല. അല്പം കഴിയവെ സിംഗ് പറഞ്ഞു:

'ഇന്നത്തേക്ക് ഇതുമതി"

എല്ലാപേരും പിരിഞ്ഞു.